01 July 2012

ഇബാദത്തും തീരാത്ത തര്‍ക്കങ്ങളും.


ഇബാദത്തും തീരാത്ത തര്‍ക്കങ്ങളും.

'ഇബാദത്ത്' അര്‍ത്ഥങ്ങളിലെ വിയോജിപ്പ് എന്തിന്‌ ???

 

1

"ഇബാദത്ത് എന്ന ഇസ്ലാമിലെ അടിസ്ഥാന സാങ്കേതിക പദത്തെ ചിലര്‍ 'ആരാധന'യിലൊതുക്കി; 'ത്വാഗൂത്ത്' എന്ന സാങ്കേതിക പദത്തെ 'പിശാചി'ലൊതുക്കി. അങ്ങനെ വിശാലമായ 'ഇബാദത്ത്' പരിമിതപ്പെടുത്തപ്പെട്ടു." മേല്‍ വചനങ്ങളുടെ സമാനമായ പ്രസ്താവനകള്‍ 'ഫേസ്ബുക്ക്' ഗ്രൂപ്പുകളില്‍ നിരന്തരം നിറഞ്ഞ് നില്‍ക്കുന്നു.

പ്രസ്തുത അഭിപ്രായം പ്രകടിപ്പിക്കുന്നവരുടെ വീക്ഷണത്തില്‍ ' ഇബാദത്ത്' ന്‍റെ അര്‍ത്ഥം 'ആരാധന, അനുസരണം, അടിമത്വം' എന്നിങ്ങനെയും, 'ത്വാഗൂത്ത്'ന്‍റെ അര്‍ത്ഥങ്ങളിലൊന്ന് ' അല്ലാഹു ഇറക്കിയത് കൊണ്ട് വിധിക്കാത്ത ഭരണാധികാരി'യും ആകുന്നു.

ത്വാഗൂത്തിന്‌ ഇബാദത്ത് ചെയ്യരുത് എന്നത് ഇസ്ലാമിലെ മൌലിക കല്‍പനയാണ്‌. പ്രസ്തുത പദങ്ങളുടെ അര്‍ത്ഥകല്‍പനകളെ സംബന്ധിച്ച ചര്‍ച്ച നല്‍കേണ്ട ഫലം - ത്വാഗൂത്തുനുള്ള ഇബാദത്ത് എന്തെല്ലാം, അവ എപ്രകാരം വര്‍ജ്ജിക്കാം എന്നതാണ്‌. ആ അറിവ്‌ ഓരോ മുസ്‍ലിമിനും അനുപേക്ഷണീയമാണ്‌.

ചര്‍ച്ചയുടെ എളുപ്പത്തിനായി ; ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും പൂര്‍വ്വിക പണ്ഡിതവചനങ്ങളില്‍ നിന്നും, ആധുനിക സലഫീ പണ്ഡിതവചനങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത് "ഇബാദത്തിന്‍റെ അര്‍ത്ഥം ആരാധന, അനുസരണം, അടിമത്വം ' എന്നിവയാണ്‌ എന്ന് തല്‍ക്കാലത്തേക്ക് സങ്കല്‍പ്പിക്കുക. എങ്കില്‍ ആരാധന, അനുസരണം, അടിമത്വം എന്നീ അര്‍ത്ഥപ്രകാരമുള്ള ഇബാദത്ത് എപ്രകാരമാണ്‌ ഒരു മുസ്ലിം തന്‍റെ ജീവിതത്തില്‍ പുലര്‍ത്തേണ്ടത് ???

നാം ജീവിക്കുന്നത് ഇന്ത്യയിലാണ്‌. ഇവീടത്തെ ഭരണകൂടം അല്ലാഹു ഇറക്കിയത് കൊണ്ടല്ല വിധിക്കുന്നത്. അതിനാല്‍ ആരാധന, അനുസരണം, അടിമത്വം എന്നീ അര്‍ത്ഥപ്രകാരമുള്ള ഇബാദത്ത് ഇന്ത്യാ ഗവണ്മെന്‍റിനു സംഭവിക്കുന്നത് എങ്ങിനെയെന്ന് വിശദീകരിക്കുക. ഗവണ്മെന്‍റിനെ / രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ എങ്ങിനെ അനുസരിച്ചാല്‍ / അടിമത്വപ്പെട്ടാല്‍ അത് സര്‍ക്കാറിനുള്ള/രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കുള്ള ഇബാദത്താകും.

അത് മനസ്സിലാക്കിയാല്‍ , ആ പ്രവൃത്തിയില്‍ നിന്ന് വിട്ട് നിന്നാല്‍ അനുസരണ- അടിമത്വ ശിര്‍ക്ക് സംഭവിക്കാതിരിക്കാന്‍ ഉപകരിക്കും.

ഇനി ആരാധന, അനുസരണം, അടിമത്വം എന്നീ അര്‍ത്ഥപ്രകാരമുള്ള ഇബാദത്താണ്‌ ശരിയെന്ന് ഒരു മുസ്ലിം അംഗീകരിക്കുന്നതോടെ , അയാളുടെ ജീവിത്തത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ്‌ ആ അര്‍ത്ഥകല്‍പന 'പ്രായോഗികമായി' വരുത്തുന്നത്.

അയാള്‍ 'ഇബാദത്ത് ആരാധനയാണ്‌ ' എന്ന് മനസ്സിലാക്കിയിരുന്നിടത്ത് നിന്ന് സമഗ്ര അര്‍ത്ഥത്തിലേക്ക് മാറിയാലും ജീവിതത്തില്‍ ഒരു മാറ്റവും വരുത്തേണ്ടതില്ലെങ്കില്‍ , പിന്നെ ഈ അര്‍ത്ഥങ്ങള്‍ 'പദ സമ്പത്ത്' വര്‍ദ്ധീപ്പിക്കാനുള്ള ചര്‍ച്ച എന്ന നിലവാരത്തിലേക്ക് മത്രം ഒതുങ്ങപ്പെടുന്നു.

ഒരു കാര്യം ഊന്നിപ്പറയാന്‍ ഉദ്ദേശിക്കുന്നു, ഇവിടെ 'മുസ്ലിം' എന്ന വാക്ക് ഉദ്ദേശിക്കുന്നത് "ഞാന്‍ അനുസരിക്കേണ്ടത് അല്ലാഹുവിനെയല്ല, എന്‍റെ ദേഹേച്ഛയെ ആകുന്നു / എന്‍റെ പാര്‍ട്ടി നേതാവിനെ ആകുന്നു / സര്‍ക്കാരിനെ ആകുന്നു ; അവരുടെ കല്‍പ്പനക്ക് മേലെ ഞാന്‍ അല്ലാഹുവിനെ പരിഗണിക്കുന്നില്ല എന്ന് വിശ്വസിക്കുന്ന ആള്‍ അല്ല."
മറിച്ച് സൂറ അഹസാബ് 33:36 വചനത്തില്‍ കല്‍പ്പിക്കപ്പെട്ട പോലെ
"അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല." എന്ന് അംഗീകരിക്കുന്ന ആളെയാണ്‌ മുസ്ലിം എന്ന് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്.

അത്തരമുള്ള ഒരു മുസ്ലിമിന്‍റെ ജീവിതത്തില്‍ "ആരാധന, അനുസരണം, അടിമത്വം എന്നീ അര്‍ത്ഥപ്രകാരമുള്ള ഇബാദത്ത്" വരുത്തുന്ന പ്രതിഫലനങ്ങള്‍ ആണ്‌ അറിയാന്‍ ആഗ്രഹിക്കുന്നത്, വിശേഷിച്ചും സര്‍ക്കാറുമായും രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ഇടപാടുകളില്‍ .
2
 
ഇബാദത്ത് വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ എന്തിനാണ്‌ ഇത് ചര്‍ച്ച ചെയ്യുന്നത് എന്നും, അതില്‍ നിന്ന് നിരൂപിക്കുന്ന ആശയങ്ങള്‍ എങ്ങിനെയാണ്‌ ജീവിതത്തില്‍ പാലിക്കേണ്ടത് എന്നതുമാണ്‌ പഠനവിഷയം. അല്ലാതെ ജീവിതത്തിന്‌ ബന്ധമില്ലാത്ത 3 ഓ, 300ഓ അര്‍ത്ഥം നല്‍കപ്പെട്ടാലും അത് കേവലം അക്കാഡമിക് ചര്‍ച്ച എന്നതിനപ്പുറം പ്രായോഗിക ജീവിതവുമായി ബന്ധമുണ്ടാകില്ല. 
3
 
ആമുഖം
1-ദൈവീക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും കഴിവിന്റെ പരമാവധി പാലിക്കപ്പെടണമെന്നതില്‍ വിശ്വാസികളായ മുസ്ലിംകള്‍ക്ക് ആര്‍ക്കും അശേഷം സംശയമില്ല.

"അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു. (അഹ്സാബ് 33:36)

അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. (അല്‍ ബഖറ 2:286 ; അന്‍ആം 6:152 ; അ‍അ‌റാഫ് 7:42 ; മുഅ‌മിനൂന്‍ 23:62 )

ഈ നിര്‍ദ്ദേശം മനുഷ്യജീവിതത്തിലെ സകല കാര്യങ്ങള്‍ക്കും ബാധകമാണ്‌.

لا طاعة لمخلوق في معصية الخالق
"സൃഷ്ടാവിന്റെ കല്‍പനകള്‍ക്കെതിരില്‍ സൃഷ്ടിയെ അനുസരിക്കാന്‍ പാടില്ല". സൃഷ്ടാവിന്റെ കല്‍പനകള്‍ക്കെതിരില്‍ ഒരു സൃഷ്ടിയേയും അനുസരിക്കാന്‍ പാടില്ല എന്ന കാര്യത്തില്‍ മുസ്‌ലിം ലോകം ഏകാഭിപ്രായക്കാരാണ്‌. ഇതില്‍ മുജാഹിദുകള്‍ക്കെന്നല്ല ഇവിടത്തെ ഒരു വിഭാഗം മുസ്‌ലിങ്ങള്‍ക്കും അഭിപ്രായവ്യത്യാസമില്ല.

2-ഇബാദത്ത്‌ എന്ന അറബി പദത്തിന്‌ ഭാഷയില്‍ അനുസരണം എന്ന്‌ അര്‍ത്ഥം ഉണ്ട്‌.

3-അല്ലാഹുവിന്‍റെ കല്‍പനകള്‍ അനുസരിക്കല്‍ അവന്നുള്ള ഇബാദത്താണ്‌. അതുകൊണ്ട്‌ തന്നെ അല്ലാഹുവിനുള്ള അനുസരണം അവനുള്ള ഇബാദത്താണ്‌ എന്ന വ്യക്തമാക്കുന്ന ഉദ്ധരണികള്‍ ആവശ്യമില്ല, കാരണം അതില്‍ അഭിപ്രായ വ്യത്യാസമില്ല തന്നെ.

4-അല്ലാഹുവാണ്‌ പരമാധികാരിയെന്ന്‌ വിശ്വസിക്കുന്ന ദൈവ വിശ്വാസികളായിരുന്നു പ്രധാനമായും അല്ലാഹുവിന്‌ മാത്രം ഇബാദത്ത്‌ ചെയ്യാതെ അതില്‍ ദൈവേതരരെ പങ്കാളികളാക്കിയത്‌... . ഇബാദത്ത് പഠനത്തിലൂടെ അറിയേണ്ടത് "ദൈവവിശ്വാസികളിലെ" ഇബാദത്തിലെ വൈകല്യങ്ങളെക്കുറിച്ചാവണം. ഞാന്‍ അനുസരിക്കേണ്ടത്‌ ദൈവത്തെയല്ല എന്നു വിശ്വസിക്കുന്നവനെ "കാഫിര്‍ " എന്ന്‌ വിളിക്കപ്പെടുന്നതിനാല്‍ "കാഫിറിന്റെ ഇബാദത്ത്‌" ല്‍ ചര്‍ച്ച കേന്ദ്രീകരിക്കേണ്ടതില്ല.

5-"അല്ലാഹുവല്ലാത്തവര്‍ക്ക്‌ അര്‍പ്പിച്ചാല്‍ ശിര്‍ക്കായിത്തീരുന്ന ഇബാദത്ത്‌ എന്ത്‌?". അതാണ്‌ വിഷയം.

6-ചരിത്രപരമായി നോക്കിയാല്‍ അന്‍പതുകളില്‍ നിലനിന്നിരുന്ന കേരള ജംഇയ്യത്തുല്‍ ഉലമയിലെ അംഗങ്ങളായിരുന്നവരാണ്‌, ജംഇയ്യത്തുല്‍ഉലമ ആരാധനയിലെ തൌഹീദ്‌ മാത്രമേ അംഗീകരിക്കുന്നുള്ളൂ "അനുസരണത്തിലെ തൌഹീദ്‌" അംഗീകരിക്കുന്നില്ല എന്ന്‌ ആക്ഷേപിച്ചുകൊണ്ട്‌ പുതിയ സംഘടനയായി (ജ.ഇ) മാറിയത്‌. അതിനാല്‍ അറിയേണ്ട വിഷയം ജംഇയ്യത്തുല്‍ ഇലമക്കാര്‍ അംഗീകരിക്കാതെ ഒഴിവാക്കിയ "അനുസരണ തൌഹീദ്‌ എന്ത്‌?" എന്നതാണ്‌. അല്ലാതെ "ഞാന്‍ അനുസരിക്കേണ്ടത്‌ അല്ലാഹുവിനെയല്ല" എന്നു കരുതുന്നവരുടെ കാര്യമല്ല, മറിച്ച്‌ "ഞാന്‍ അനുസരിക്കേണ്ടത്‌ അല്ലാഹുവിനെ തന്നെയാണ്‌" എന്നു വിശ്വസിക്കുന്ന മതവിശ്വാസികളില്‍ നിലനില്‍ക്കുന്ന അനുസരണശിര്‍ക്കിനെ പറ്റിയാണ്‌, അങ്ങിനെയൊന്നുണ്ടെങ്കില്‍ . ഈ മുഖവുര ചർച്ചയുടെ ദിശ കൃത്യമാക്കിയേക്കാം.
4
ഇബാദത്ത്‌ സംബന്ധമായുള്ള അഭിപ്രായവ്യത്യാസം എന്തു കാര്യത്തിലാണ്‌?

1-ഇബാദത്തിന്‍റെ ഭാഷയിലെ അര്‍ത്ഥം.

ഭാഷാര്‍ത്ഥത്തെ സംബന്ധിച്ച്‌ അമാനി മൌലവി ഖുര്‍ആന്‍ പരിഭാഷയില്‍ എഴുതിയത്‌ കാണുക.

''നിഘണ്ടുകള്‍ പരിശോധിച്ചാല്‍ `ഇബാദത്ത്‌ എന്ന പദത്തിനു പല അര്‍ത്ഥങ്ങളും കാണാം. `അനുസരണം, പുണ്യകര്‍മ്മം, കീഴ്‌പ്പെടല്‍, ഭക്തി അര്‍പ്പിക്കല്‍, വഴിപാട്‌, താഴ്‌മ പ്രകടിപ്പിക്കല്‍ എന്നിങ്ങനെയും `വണക്കം, ആരാധനാ, പൂജ, സേവ, പ്രീതിപ്പെടുത്തല്‍ എന്നിങ്ങനെയും അര്‍ത്ഥങ്ങള്‍ കാണാം. എന്നാല്‍ ശറഇന്റെ(മതത്തിന്റെ) സങ്കേതികാര്‍ത്ഥത്തിലുള്ള അതിന്റെ ഉദ്ദ്യേശം ശരിക്കും വ്യക്തമാക്കുന്ന ഒറ്റ വാക്ക്‌ മലയാളത്തില്‍ കാണുന്നില്ല. ഉള്ളവയില്‍ വച്ച്‌ കൂടുതല്‍ അനുയോജ്യമായതെന്ന നിലക്ക്‌ `ആരാധന എന്ന്‌ പരക്കെ അതിനു വിവര്‍ത്തനം നല്‍കപ്പെട്ടുവരുന്നു. താഴ്‌മയുടേയും ഭക്തി ബഹുമാനത്തിന്റേയും അങ്ങേയറ്റം പ്രകടിപ്പിക്കുക എന്നാണ്‌ മതത്തില്‍ അതിനു അംഗീകരിക്കപ്പെട്ടുവരുന്ന വിവക്ഷ. ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഇസ്ലാമിലെ പണ്ഡിത ശ്രേഷ്‌ഠന്മാരും വാക്കുകളില്‍ അല്‍പ സ്വല്‍പം വ്യത്യാസം കണ്ടേക്കുമെങ്കിലും-മുന്‍കാലം മുതല്‍ക്കേ-ഇബാദത്തിനു നല്‍കി വരുന്ന നിര്‍വചനം അതാണ്‌'', (അമാനി മൌലവി ഫാതിഹയിലെ ഇബാദത്ത്‌ വിശദീകരണം)

അപ്പോള്‍ ഭാഷയില്‍ എന്താണര്‍ത്ഥമെന്നത്‌ വിവാദ വിഷയമല്ല.

''ഒരു കാര്യം പറയേണ്ടതുണ്ട്‌. ഇബാദത്ത്‌ എന്ന പദത്തിനു ഭാഷയില്‍ എന്തര്‍ത്ഥമുണ്ട്‌ എന്ന ചര്‍ച്ചക്ക്‌ മതത്തില്‍ പ്രസക്തിയില്ല. അല്ലാഹുവിനു മാത്രം അര്‍പ്പിക്കാവുന്നതും മറ്റാര്‍ക്കും അര്‍പ്പിക്കാന്‍ പാടില്ലാത്തതും എന്ന്‌ പറയുന്ന ആ ഇബാദത്ത്‌ എന്താണ്‌? അതു പഠിപ്പിക്കാനാണല്ലോ നാടായ നാടുകളിലെല്ലാം കാലാകാലങ്ങളില്‍ പ്രവാചകര്‍ വന്നിട്ടുള്ളത്‌'' (ഇബാദത്തും ഇത്വാഅത്തും പേ7)
5

2. അല്ലാഹുവിനുള്ള ഇബാദത്ത്‌ എന്തൊക്കെ എന്നതും തര്‍ക്ക പ്രശ്‌നമല്ല.

മുസ്ലിം എന്നാല്‍ 'ദൈവത്തിന്‌ കീഴൊതുങ്ങിയവന്‍' എന്നാണ്‌., ദൈവകല്‍പനകള്‍ അനുസരിച്ച്‌ ജീവിതം സ്വയം ക്രമീകരിക്കുന്നവന്‍ എന്നര്‍ത്ഥം. ഇതിന്റെ അനിവാര്യ താല്‍പര്യമാണ്‌ ദൈവകല്‍പനകള്‍ പരമാവധി ശിരസ്സാവഹിക്കുക എന്നത്‌.


"നമസ്‌കാരം, നോമ്പ്‌, ഹജ്ജ്‌ എന്നിങ്ങനെ ഏതാനും ആരാധനാ ചടങ്ങുകള്‍ക്ക്‌ മാത്രമാണ്‌ ഇബാദത്ത്‌ എന്നു പറയുക എന്നൊരു അബദ്ധധാരണ മുസ്ലിം ബഹുജനങ്ങള്‍ക്കിടയില്‍ നിലവിലുണ്ട്‌. വഴിയില്‍ നിന്ന്‌ മുള്ളു നീക്കുന്നത്‌ പോലും വിശ്വാസത്തിന്റെ ശാഖകളിലൊന്നാണെന്ന്‌ പഠിപ്പിച്ച റസൂലി(സ)ന്റെ അധ്യാപനങ്ങള്‍ക്ക്‌ വിരുദ്ധമാണ്‌ ഈ ധാരണ. എന്നാല്‍ റോഡ്‌ തൂത്തുവാരാന്‍ സര്‍ക്കാര്‍ നിയമിച്ച `സ്വീപ്പര്‍, റോഡില്‍ നിന്നോ റോഡരികില്‍ നിന്നോ മുള്ളെടുത്തു നീക്കിയാല്‍ അത്‌ ത്വാഗൂത്തി സര്‍ക്കാരിനുള്ള ഇബാദത്താവുകയില്ല. കാരണം അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചു കൊണ്ട്‌ മുള്ള്‌ നീക്കുന്നത്‌ അഭൌതിക വിശ്വാസത്താല്‍ പ്രചോദിതമായിട്ടാണ്‌. സര്‍ക്കാരിന്റെ കല്‍പനകള്‍ അനുസരിക്കുന്നതില്‍ ആ വിശ്വാസത്തിന്റെ പ്രചോദനമില്ല."

(മുഖാമുഖം മതം, രാഷ്ട്രീയം, ഇസ്‌ലാഹീ പ്രസ്ഥാനം - ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്‌ പേജ്‌: 248)

"അല്ലാഹുവല്ലാത്തവരെ ആരാധിക്കരുത്‌ എന്ന ഒറ്റ കാര്യമേ മുഴുവന്‍ പ്രവാചകന്മാരും പഠിപ്പിച്ചിട്ടുള്ളൂവെന്ന്‌ സലഫികളടക്കമുള്ള യാതൊരു മുസ്ലിം വിഭാഗവും പറഞ്ഞിട്ടില്ല......ജീവിതം പൂര്‍ണ്ണമായി അല്ലാഹുവിന്‌ സമര്‍പ്പിക്കുക എന്നതിന്റെ ശരിയായ അര്‍ത്ഥം അല്ലാഹു കല്‍പിച്ചതെല്ലാം അനുസരിക്കുകയും നിരോധിച്ചതെല്ലാം ഉപേക്ഷിക്കുകയും ചെയ്യുക എന്നാണ്‌. ഈ കാര്യത്തില്‍ യാതൊരു മുസ്ലിം സംഘടനയ്ക്കും അഭിപ്രായവ്യത്യാസമില്ല.''(പേജ്‌ : 35)

"പരിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലുമുള്ള നിര്‍ദ്ദേശങ്ങള്‍ അത്‌ ജീവിതത്തിന്റെ ഏത്‌ മേഖലയുമായി ബന്ധപ്പെട്ടതാണെങ്കിലും അല്ലാഹുവോടുള്ള പരമമായ വണക്കത്തോടെയും അവന്റെ പ്രതിഫലം കാംക്ഷിച്ചുകൊണ്ടും പ്രാവര്‍ത്തികമാക്കുന്നത്‌ അവന്നുള്ള ഇബാദത്താണ്‌. അഥവാ ആരാധനയാണ്‌. ചിലര്‍ കുപ്രചരണം നടത്തുന്നതു പോലെ `പൂജ എന്ന പരിമിതമായ അര്‍ത്ഥത്തിലല്ല സലഫികള്‍ ആരാധന എന്നെ പദം പ്രയോഗിക്കുന്നത്‌."
(മുഖാമുഖം മതം, രാഷ്ട്രീയം, ഇസ്‌ലാഹീ പ്രസ്ഥാനം - ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്‌ പേജ്‌ : 176)

ചുരുക്കത്തില്‍ , നമസ്‌ക്കാരവും മറ്റും നിര്‍വ്വഹിച്ചാല്‍ മതിയെന്നോ, ഇതര വിഷയങ്ങളില്‍ ദൈവ കല്‍പ്പന അനുസരിക്കേണ്ടതില്ലെന്നോ, ഇതര പുണ്യ കര്‍മങ്ങള്‍ ഇബാദത്തല്ലെന്നോ വാദമില്ല തന്നെ.

6

3. അല്ലാഹുവല്ലാത്തവര്‍ക്കുള്ള ഇബാദത്ത്‌ എന്ത്‌? അതാണ്‌ യഥാര്‍ത്ഥ പ്രശ്‌നം.

അല്ലാഹുവിന്‌ മാത്രം അര്‍പ്പിച്ചാല്‍ പ്രതിഫലാര്‍ഹമാവുകയും അല്ലാഹുവല്ലാത്ത ആര്‍ക്ക്‌ അര്‍പ്പിച്ചാലും ശിര്‍ക്കാവുന്നതുമായ ഇബാദത്ത്‌ എന്ത്‌ എന്നതാണ്‌ വിശദീകരിക്കപ്പെടേണ്ട ഭാഗം. ഒന്നു കൂടി വ്യക്തമാക്കിയാല്‍ ഒരു ഭരണാധികാരിക്കുള്ള അനുസരണം അയാള്‍ക്കുള്ള ഇബാദത്ത്‌ ആയി മാറുന്നതെങ്ങിനെ? അക്കാര്യത്തിലാണ്‌ ഭിന്നിപ്പുള്ളത്‌.;

"ഇബാദത്തിനു `ആരാധന എന്ന അര്‍ത്ഥമുണ്ട്‌. ആരാധനകളിലെ പ്രധാന ഇനമാണ്‌ പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയടക്കമുള്ള ആരാധനകളുടെ എല്ലാ ഇനങ്ങള്‍ക്കും അഭൌതികത അനിവാര്യമാണ്‌ എന്നീ കാര്യങ്ങളില്‍ ഇസ്ലാഹീ സുഹത്തൃക്കള്‍ക്കും ജമാഅത്തിനുമിടയില്‍ തര്‍ക്കമില്ല. ഇബാദത്തിനു ചിലയിടത്ത്‌ അനുസരണം, അടിമത്തം എന്നി അര്‍ത്ഥങ്ങളുമുണ്ട്‌. ഈ അര്‍ത്ഥങ്ങളിലുള്ള ഇബാദത്തിനു അഭൌതികത ആവശ്യമില്ല; അത്‌ ആരാധനയുമല്ല എന്ന്‌ ജമാഅത്ത്‌ പറയുമ്പോള്‍ ഇസ്‌ലാഹീ സുഹൃത്തുക്കള്‍ വിയോജിക്കുന്നു. ഇവിടെയാണ്‌ രണ്ടു വിഭാഗവും തമ്മിലുള്ള ഭിന്നിപ്പ്‌." (ഇബാദത്ത്‌ ഒരു സമഗ്രപഠനം. കെ. സി അബ്ദുല്ല മൌലവി പേ 46)

അതായത്‌ അഭൌതികതയില്ലാത്ത ഇബാദത്ത്‌ ഏത്‌ എന്നതിലാണ്‌ വിയൊജിപ്പ്. ജമാഅത്ത്‌ ഇബാദത്തിന്‌ മൂന്ന്‌ അര്‍ത്ഥങ്ങള്‍ ഉണ്ട്‌ എന്നു പറയുന്നത്‌ മുസ്‌ലിങ്ങളുടെ പദസമ്പത്ത്‌ വിപുലമാക്കാനല്ല. മറിച്ച്‌ ത്വാഗൂത്തീ ഭരണകൂടത്തിനുള്ള അനുസരണം അതിനുള്ള ഇബാദത്തായിത്തീരുന്നതാണ്‌ എന്ന വാദം സ്ഥാപിച്ചെടുക്കാനാണ്‌. അപ്പോള്‍ അതാണ്‌ വിശദമാക്കേണ്ടതായ വിവദത്തിന്‍റെ മര്‍മ്മപ്രശ്‌നം.

7

`അനുസരണശിര്‍ക്കിന്‌ നല്‍കപ്പെട്ടിട്ടുള്ള വിശദീകരണങ്ങള്‍

വിശദീകരണം 1

തഫ്‌ഹീമുല്‍ ഖുര്‍ആനില്‍ ഇപ്രകാരം കാണാം.
സൂറ : അന്‍ആം 6 - 121 കുറിപ്പ്‌ നമ്പര്‍ : 87
"ഒരു വശത്ത്‌ അല്ലാഹുവിന്റെ ദൈവത്വവും പരമാധിപത്യവും അംഗീകരിക്കുക, മറുവശത്ത്‌ ദൈവത്തില്‍നിന്ന്‌ മുഖം തിരിച്ച ധിക്കാരികളുടെ വിധിവിലക്കുകള്‍ക്കൊത്ത്‌ ചരിക്കുകയും അവര്‍ നടപ്പാക്കുന്ന സമ്പ്രദായങ്ങള്‍ ആചരിക്കുകയും ചെയ്യുക - ഇതുതന്നെയാണ്‌ ശിര്‍ക്ക്‌.. ...... ജീവിതത്തെ അടിമുടി ദൈവാനുസരണത്തില്‍ അര്‍പ്പിക്കുകയെന്നതാണ്‌ തൌഹീദ്‌. അല്ലാഹുവോടൊപ്പം മറ്റാരെയെങ്കിലും വിശ്വാസത്തില്‍ നിരുപാധികം അനുസരിക്കപ്പെടുവാന്‍ അര്‍ഹനായംഗീകരിച്ചാല്‍ അത്‌ വിശ്വാസപരമായ ശിര്‍ക്കാണ്‌. അല്ലാഹുവിന്റെ സന്മാര്‍ഗം അവഗണിച്ചുകൊണ്ട്‌ ആജ്ഞാനിരോധനത്തിനധികാരികളായി ചമയുന്ന ജനങ്ങളെ പ്രവൃത്തിരൂപത്തില്‍ അനുസരിക്കുകയാണെങ്കില്‍ അത്‌ കര്‍മപരമായ ശിര്‍ക്കുമാണ്‌.''

സൂറ : അല്‍ കഹ്‌ഫ്‌18: 52-53 ആയത്ത്‌ വിശദീകരണത്തില്‍ 50ാം നമ്പര്‍ കുറിപ്പില്‍ നിന്ന്‌
"...അല്ലാഹുവിന്റെ നിയമനിര്‍ദ്ദേശങ്ങളുപേക്ഷിച്ച്‌ മറ്റു വല്ലവരുടേയും നിയമങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പിന്തുടരുന്നത്‌ യഥാര്‍ത്ഥത്തില്‍ അവരെ ദിവ്യത്വത്തില്‍ അല്ലാഹുവിന്റെ പങ്കാളികളാക്കലാണ്‌; ആ മറ്റുള്ളവരെ ദൈവത്തിന്റെ പങ്കുകാരായി വാക്കുകൊണ്ട്‌ സമ്മതിക്കട്ടെ, സമ്മതിക്കാതിരിക്കട്ടെ, എന്നല്ല ആ പങ്കാളികളുടെ മേല്‍ ശാപ പ്രാര്‍ത്ഥന ചെയ്‌തുകൊണ്ടിരുന്നാല്‍ പോലും!.......ലോകം മുഴുക്കെ പിശാചുക്കള്‍ ശപിക്കപ്പെടുന്നതായി നമുക്ക്‌ കാണാം. പക്ഷെ, ഈ ശാപാധിക്ഷേപത്തോടൊപ്പം തന്നെ അവരുടെ ഹിതാനുവര്‍ത്തികളായി ജീവിക്കുന്നവരെല്ലാം ഫലത്തില്‍ പിശാചുക്കളെ ദൈവത്തില്‍ പങ്കുചേര്‍ത്തവരാണെന്ന്‌ ഖുര്‍ആന്‍ കുറ്റപ്പെടുത്തുന്നു. ഈ ശിര്‍ക്ക്‌ ആദര്‍ശപരമല്ല, കര്‍മ്മപരമാണ്‌. അതിനെയും ശിര്‍ക്ക്‌ എന്നു തന്നെയാണ്‌ ഖുര്‍ആന്‍ വിശേഷിപ്പിച്ചിരിക്കുന്നത്‌..."

സൂറ ഇബ്‌റാഹീം 14:22 ലെ വിശദീകരണ കുറിപ്പ്‌ 32.
''ഇവിടെ വിശ്വാസപരമായ ശിര്‍ക്കിനു പകരം ഒരു പ്രത്യേക തരം ശിര്‍ക്കിനു-കര്‍മ്മപരമായ ശിര്‍ക്കിനു-തെളിവ്‌ ലഭിക്കുന്നുണ്ട്‌. വിശ്വാസപരമായി ആരും പിശാചിനെ ദൈവത്തില്‍ പങ്കുചേര്‍ക്കാറില്ലെന്ന കാര്യം എത്രയും വ്യക്തമാണ്‌. ആരും പിശാചിനെ ആരാധിക്കാറുമില്ല. എല്ലാവരും ശപിക്കുക മാത്രമേ ചെയ്യാറുള്ളൂ. എന്നാല്‍ അവനെ അനുസരിക്കുകയും അടിമപ്പെടുകയും അറിഞ്ഞോ അറിയാതെയോ പിന്‍പറ്റുകയും ചെയ്യാറുണ്ടെന്ന്‌ ഒരു വാസ്‌തവമാണ്‌. അതിനെയാണിവിടെ ശിര്‍ക്ക്‌ എന്ന പദം കൊണ്ടു വ്യവഹരിച്ചിരിക്കുന്നത്‌.....
......ഒരാള്‍ അല്ലാഹുവല്ലാത്തവരെ ദിവ്യത്വത്തില്‍ പങ്കാളികളാക്കി സങ്കല്‍പ്പിക്കുക എന്ന രൂപം മാത്രമല്ല ശിര്‍ക്കിനുള്ളതെന്നും ദൈവത്തിന്റെ അനുമതി കൂടാതെയോ ദൈവിക നിയമങ്ങള്‍ക്ക്‌ വിരുദ്ധമായോ അല്ലാഹു അല്ലാത്തവരെ പിന്‍പറ്റുന്നതും അനുസരിക്കുന്നതും ശിര്‍ക്കുതന്നെയാണെന്നും ഇങ്ങനെ പിന്‍പറ്റുന്നവരും അനുസരിക്കുന്നവരും തങ്ങള്‍ പിന്‍പറ്റുകയും അനുസരിക്കുകയും ചെയ്യുന്നവരെ ശപിച്ചുകൊണ്ടാണെങ്കിലും ഫലത്തില്‍ ആ മാര്‍ഗ്ഗമാണ്‌ സ്വീകരിക്കുന്നതെങ്കില്‍ ഖുര്‍ആന്റെ വെളിച്ചത്തില്‍ അവരെ അല്ലാഹുവില്‍ പങ്കാളികളാക്കുക തന്നെയാണ്‌ ചെയ്യുന്നതെന്നും ഇതില്‍ നിന്നും വ്യക്തമായി ഗ്രഹിക്കാവുന്നതാണ്‌.....

ഇതേ ആശയങ്ങള്‍ തന്നെ സാമാന്യജനങ്ങള്‍ക്ക്‌ മനസ്സിലാവുന്ന ഭാഷയില്‍ `ഖുത്തുബാത്തില്‍ വിവരിച്ചിട്ടുണ്ട്‌.

"നിങ്ങള്‍ ഏതെങ്കിലും ഒരാളെ വിധികര്‍ത്താവായി സമ്മതിച്ച്‌ അവന്റെ അടിമത്വത്തെ സ്വീകരിക്കുമ്പോള്‍ വാസ്‌തവത്തില്‍ നിങ്ങള്‍ അവന്റെ `ദീനില്‍ പ്രവേശിക്കുകയാണ്‌ ചെയ്യുന്നത്‌.... ചുരുക്കത്തില്‍ ആരെ `അനുസരിക്കുക എന്ന `മാല നിങ്ങള്‍ കഴുത്തിലിടുന്നുവോ അവരുടെ `ദീനിലായിരിക്കും നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ സ്ഥിതിചെയ്യുന്നത്‌; ആരുടെ നിയമമനുസരിച്ച്‌ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നുവോ അവരെയായിരിക്കും വാസ്‌തവത്തില്‍ നിങ്ങള്‍ ആരാധിക്കുന്നത്‌.
...എന്നാല്‍ `വിശ്വാസപരമായി ഒരുത്തനെ വിധികര്‍ത്താവായി സ്വീകരിക്കുകയും പ്രത്യക്ഷത്തില്‍ മറ്റൊരാളെ അനുസരിക്കുകയും ചെയ്യുക, പൂജ ഒരുവനും അടിമവൃത്തി മറ്റൊരുവനും നിര്‍വഹിക്കുക, ഹൃദയത്തില്‍ ഒരു നിയമത്തെക്കുറിച്ച്‌ ഭക്തിയും വിശ്വാസവുമുണ്ടായിരിക്കുകയും ജീവിത ഏര്‍പ്പാടുകളില്‍ മറ്റു നിയമമനുസരിച്ച്‌ നടക്കുകയും ചെയ്യുന്നതും സാധ്യമാണെന്ന്‌ നിങ്ങള്‍ പറയുന്ന പക്ഷം അത്‌ ശരിയാണ്‌; അത്‌ സാധ്യമാണ്‌; എന്ന്‌ ഞാനും സമ്മതിക്കുന്നുണ്ട്‌. സാധ്യമാണെന്നല്ല അങ്ങനെ സംഭവിച്ചുകൊണ്ടിരിക്കുന്നുമുണ്ട്‌. പക്ഷെ, അതിന്നത്രെ ``ശിര്‍ക്ക്‌ എന്ന്‌ പേര്‍ പറയുന്നത്‌. ``ശിര്‍ക്ക്‌ നഖശിഖാന്തം വ്യാജം മാത്രമാകുന്നു. പ്രത്യക്ഷത്തില്‍ നിങ്ങള്‍ ആരെ അനുസരിച്ചു ജീവിക്കുന്നുവോ അവന്റെ ``ദീനിലത്രെ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ നിലകൊള്ളുന്നത്‌. എന്നിരിക്കെ, ഏതൊരുവനെ നിങ്ങള്‍ അനുസരിക്കുന്നില്ലയോ അവനെ തങ്ങളുടെ വിധികര്‍ത്താവെന്നും അവന്റെ ദീനിനെ തങ്ങളുടെ ``ദീന്‍ എന്നും പറയുന്നത്‌ വെറും വ്യാജമല്ലാതെ മറ്റെന്താണ്‌? ഇനി നാവുകൊണ്ടു നിങ്ങള്‍ അങ്ങനെ പറയുകയോ ഹൃദയത്തില്‍ അങ്ങനെ കരുതുകയോ തന്നെ ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ ഫലമെന്ത്‌?........"
(ഖുത്തുബാത്ത്‌ ഐ പി എച്ച്‌, വളാഞ്ചേരി 1949 പേ 412)

ചുരുക്കത്തില്‍, അല്ലാഹുവിന്റെ ദൈവത്വവും പരമാധിപത്യവും അംഗീകരിക്കുന്നുണ്ടെങ്കിലും കര്‍മ്മപരമായി ദൈവധിക്കാരികള്‍ നടപ്പാക്കുന്ന സമ്പ്രദായങ്ങള്‍ പ്രവൃത്തിക്കുകയും ചെയ്യുക-ഇതുതന്നെയാണ്‌ ശിര്‍ക്ക്‌. ഇതിന്‌ ദൈവധിക്കാരികളെ പരമാധികാരിയായി കരുതേണ്ടതില്ല. മറിച്ച്‌ അല്ലാഹുവാണ്‌ പരമാധികാരിയെന്നംഗീകരിക്കുന്നയാളും ശപിച്ച്‌ കൊണ്ട്‌ പോലും അവരെ അനുസരിച്ചാല്‍ അത്‌ ശിര്‍ക്കാണ്‌. തഫ്‌ഹീമുല്‍ ഖുര്‍ആനില്‍ ഫറോവക്കുള്ള ഇസ്രയീല്യരുടെ `ഇബാദത്ത്‌വിശദീകരിച്ച വി.ഖു.23-47ന്‌ കൂടുതല്‍ വിശദീകരണത്തിനായി നോക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്‌ `ശാപാധിക്ഷേപത്തോടൊപ്പം തന്നെ അവരുടെ ഹിതാനുവര്‍ത്തികളായി ജീവിക്കുന്നവരെല്ലാം ചെയ്യുന്നത്‌ ശിര്‍ക്ക്‌ ആണെന്ന്‌ വിശദീകരിക്കുന്ന മേല്‍ ഉദ്ധരിച്ച അല്‍ കഹ്‌ഫ്‌ 52-53 ആയത്ത്‌ വിശദീകരണത്തിലെ 50ാം നമ്പര്‍ കുറിപ്പാണ്‌.

മേല്‍ വിശദീകരണങ്ങളോട്‌ ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ പ്രസിദ്ധീകരണങ്ങളില്‍ വന്ന പ്രതികരണം ഇപ്രകാരമാണ്‌.

"..... ഇസ്രായീല്യര്‍ ഫിര്‍ഔനിനെ അനുസരിച്ചത്‌ മനസാ ശപിച്ചുകൊണ്ടാണെന്നും കെ.സി പ്രസ്‌തുത ഗ്രന്ഥത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഇന്ത്യാ ഗവണ്മെന്റിന്റെ ഭരണനിയമങ്ങള്‍ വെറുപ്പോടെ അനുസരിക്കുന്നവര്‍ പോലും സര്‍ക്കാരിന്‌ ഇബാദത്ത്‌ ചെയ്യുന്നവരും അതുവഴി മുശ്‌രിക്കുകളും ആയിത്തീരുമെന്നതാണ്‌ ഈ വാദത്തിന്റെ താല്‍പര്യം. ഇതനുസരിച്ച്‌ ജമാഅത്തുകാര്‍ക്ക്‌ പോലും ഇന്ത്യയില്‍ മുശ്‌രിക്കുകളാകാതെ ജീവിക്കാന്‍ വകുപ്പില്ല."
(പേജ്‌ 89, മതം രാഷ്ട്രീയം ഇസ്ലാഹി പ്രസ്ഥാനം)

8

വിശദീകരണം 2

പരമാധികാരം അല്ലാഹുവല്ലാത്തവര്‍ക്ക്‌ നല്‍കി അവരെ അനുസരിക്കുമ്പോള്‍ സംഭവിക്കുന്നതാണ്‌ അനുസരണ ശിര്‍ക്ക്.

"ഇഹലോകത്ത് ദൈവത്തിന്റെ പങ്കാളിയായി സങ്കല്‍പിക്കപ്പെടുന്ന, മനുഷ്യച്ചെകുത്താന്മാരുമാണ് ഇതുകൊണ്ടുദ്ദേശ്യം. അല്ലാഹുവിന്റെയും റസൂലിന്റെയും സന്ദേശത്തിനെതിരില്‍ മാനിക്കപ്പെടുന്ന ശക്തികള്‍. നേര്‍മാര്‍ഗം വെടിഞ്ഞ് വക്രമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ അവലംബിക്കപ്പെടുന്നവര്‍. ഇങ്ങനെയുള്ളവരെ വല്ലവരും ദൈവമെന്നോ രക്ഷകനെന്നോ വിളിക്കട്ടെ, വിളിക്കാതിരിക്കട്ടെ, ദൈവത്തെ അനുസരിക്കുകയും കീഴ്വണങ്ങുകയും ചെയ്യേണ്ടവിധം അവരെ അനുസരിക്കുകയും കീഴ്വണങ്ങുകയും ചെയ്യുന്നുണ്ടെങ്കില്‍, അനിവാര്യമായും അവരെ ദൈവത്തിന്റെ പങ്കാളികളാക്കലാണത്." (തഫ്‍ഹീമുല്‍ ഖുര്‍ആന്‍ സൂറ ഖസസ് 28:62 കുറിപ്പ് 86)

"അപ്പോള്‍ ആരുടെ പേരില്‍ നേര്‍ച്ചാവഴിപാടുകളര്‍പ്പിക്കുന്നുവോ അവരും, ആരുണ്ടാക്കിയ നിയമ പരിധികള്‍ നിരുപാധികം അനുസരണാര്‍ഹമായി അംഗീകരിക്കുന്നുവോ അവരും ദൈവത്തിന്റെ പങ്കുകാരായിത്തീരുന്നു."
(തഫ്ഹീമുല്‍ ഖുര്‍ആന്‍ അന്‍ആം 6:137 കുറിപ്പ് 107)

''....തൌഹീദിന്റെ പ്രധാന ഘടകങ്ങളിലൊന്നായ വിധികര്‍തൃത്വം അല്ലാഹുവിനു മാത്രം എന്ന അടിസ്ഥാന പ്രമാണത്തെ ആസ്‌പദമാക്കിയാണ്‌ അനുസരണത്തെപറ്റി ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ച ചെയ്യുന്നത്‌. പിശാചിനോ, ദേഹേച്ഛക്കോ, ത്വാഗൂത്തിന്നോ, മറ്റുവല്ലതിനുമോ ഉള്ള അനുസരണം, അല്ലാഹുവിനു മാത്രമുള്ള വിധികര്‍തൃത്വം അവര്‍ക്ക്‌ വകവച്ചു കൊടുത്തുകൊണ്ടാണെങ്കില്‍, അത്‌ ഇബാദത്തും അതുവഴി ശിര്‍ക്കുമായിത്തീരുന്നുവെന്നാണ്‌ ജമാഅത്തിന്റെ വാദം. `പരമമായ, `നിരുപാധികമായ, `അല്ലാഹുവിനെ അവഗണിച്ചുകൊണ്ടുള്ള, `സ്വതന്ത്രമായ എന്നൊക്കെ അനുസരണത്തെ വിശേഷിപ്പിക്കുമ്പോഴുള്ള ഉദ്ദേശ്യം അതാണ്‌. മറ്റൊരു ഭാഷയില്‍ പിശാചിനെയോ മറ്റു ദുഃശ്ശക്തികളെയോ ഏതു കാര്യത്തില്‍ അനുസരിക്കുന്നു എന്ന്‌ നോക്കിക്കൊണ്ടല്ല ജമാഅത്ത്‌ അനുസരണത്തെ പറ്റി ചര്‍ച്ച ചെയ്യുന്നത്‌, അനുസരണത്തിന്റെ സ്വഭാവം എന്ത്‌ എന്നു നോക്കിക്കൊണ്ടാണ്‌.അതായത്‌, അല്ലാഹുവിന്‌ മാത്രമുള്ള വിധികര്‍തൃത്വം ഈ ശക്തികള്‍ക്ക്‌ വകവെച്ചുകൊടുത്തുകൊണ്ടാണോ അനുസരിക്കുന്നത്‌ എന്ന്‌ നോക്കിക്കൊണ്ടാണ്‌-അത്‌ വകവച്ചുകൊടുത്തുകൊണ്ടാണെങ്കില്‍ ആ അനുസരണം ഇബാദത്തും ശിര്‍ക്കുമായിത്തീരും. ഇതാണ്‌ ജമാഅത്തിന്റെ വാദം''.(പേജ്‌ 229)

''..ഞാന്‍ വിധേയത്വം കാണിക്കേണ്ടത്‌ എന്റെ പാര്‍ട്ടി നേതാവിന്നാണ്‌, ദൈവത്തിനോ മറ്റു വല്ലതിനോ അല്ല. പാര്‍ട്ടി നേതാവിനു മേലെ മറ്റാര്‍ക്കും ഞാനത്‌ ചെയ്യുകയില്ല. ഇവിടെ പാര്‍ട്ടി നേതാവ്‌ ഇലാഹും വിധേയത്വത്തിന്റെ പ്രകടനങ്ങള്‍ അതിനുള്ള ഇബാദത്തുമാകുന്നു. അല്ലാഹുവിനുള്ള വിധേയത്വത്തിനു വിധേയമായേ പാര്‍ട്ടി നേതാവിനു വിധേയത്വം കാണിക്കൂ എന്നാണെങ്കില്‍ അവിടെ നേതാവ്‌ ഇലാഹല്ല; വിധേയത്വ പ്രകടനങ്ങള്‍ ഇബാദത്തുമല്ല. മനുഷ്യന്‍ തന്റെ ജീവിതത്തെ പരമമായി ഏതു ശക്തിക്ക്‌ വിട്ടുകൊടുക്കുന്നുവോ ആ ശക്തി അവന്റെ ഇലാഹും വിട്ടുകൊടുക്കലിന്റെ പ്രകടനങ്ങള്‍ അതിനുള്ള ഇബാദത്തുമാകുന്നുവെന്നു ചുരുക്കം. ..''. (പേ 306 ഇബാദത്ത്‌ ഒരു സമഗ്രപഠനം)

അതായത്‌ അല്ലാഹു എന്തു നിയമമാണ്‌ നിര്‍ദ്ദേശിച്ചത്‌ എന്നു ഞാന്‍ ചിന്തിക്കുന്നേയില്ല, എനിക്കറിയേണ്ടതുമില്ല. അല്ലാഹുവിന്റെ കല്‍പനക്കൊത്താലും ഇല്ലെങ്കിലും ഞാന്‍ പരിഗണിക്കുക എന്റെ ദേഹേച്ഛയെയാണ്‌, പണ്ഡിതപുരോഹിതരെയാണ്‌, ഗവണ്മെന്റിനെയാണ്‌, പാര്‍ട്ടി സെക്രട്ടറിയെയാണ്‌, ,പിശാചിനെയാണ്‌ എന്നൊക്കെയാണ്‌ ഒരാളുടെ നിലപാടെങ്കില്‍ അവന്‍ ഫലത്തില്‍ അല്ലാഹുവിന്റെ വിധികര്‍തൃത്വാധികാരം തള്ളുകയും തല്‍സ്ഥാനത്ത്‌ മറ്റുള്ളവരെ പ്രതിഷ്‌ഠിക്കുകയുമാണ്‌ ചെയ്യുന്നത്‌. ആ വിശ്വാസത്തോടെ അവരെ അനുസരിച്ചാല്‍ അത്‌ ശിര്‍ക്കാണ്‌. ഇതാണ്‌ അനുസരണ ശിര്‍ക്കിന്റെ രൂപം.

ഞാന്‍ "നിരുപാധികം അനുസരിക്കേണ്ടത് അല്ലെങ്കില്‍ എന്റെ പരമമായ വിധികര്‍ത്താവ്" അല്ലാഹു അല്ല, മറിച്ച് സര്‍ക്കാറാണ്‌, പിശാചാണ്‌ എന്ന് വിശ്വസിക്കുന്ന "വിശ്വാസികളായ" മുസ്ലിംകള്‍ ഉണ്ടോ?? അങ്ങിനെ വാദിക്കുന്ന മുസ്ലിം മതസംഘടനകള്‍ ഉണ്ടോ?? എന്റെ അറിവില്‍ മുജാഹിദുകള്‍ക്കെന്നല്ല, വിശ്വാസികളായ ഒരു മുസ്ലിമിനും അങ്ങിനെയൊരു വാദമില്ല. അങ്ങിനെയൊരു വാദമുണ്ടെങ്കിലല്ലേ, അത് പറഞ്ഞ് വിയോജിക്കേണ്ടതുള്ളൂ.






9

തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാന്‍,..

لا طاعة لمخلوق في معصية الخالق

'സൃഷ്ടാവിന്റെ കല്‍പനകള്‍ക്കെതിരില്‍ സൃഷ്ടിയെ അനുസരിക്കാന്‍ പാടില്ല' സൃഷ്ടാവിന്റെ കല്‍പനകള്‍ക്കെതിരില്‍ ആരേയും അനുസരിക്കാന്‍ പാടില്ല എന്നതില്‍ മുസ്‌ലിം ലോകം ഏകാഭിപ്രായക്കാരാണ്‌. ഇതില്‍ മുജാഹിദുകള്‍ക്കെന്നല്ല ഇവിടത്തെ ഒരു വിഭാഗം മുസ്‌ലിങ്ങള്‍ക്കും അഭിപ്രായവ്യത്യാസമില്ല. അതായത് സൃഷ്ടാവിന്‍റെ കല്‍പനക്കെതിരില്‍ ആരെ അനുസരിക്കുന്നു എന്നതല്ല പ്രശ്‍നം, മറിച്ച് ഏത് കാര്യത്തില്‍ അനുസരിക്കുന്നു എന്നതാണ്‌ മര്‍മ്മം. സൃഷ്ടാവിന്‌ എതിരായി ആരെയും അനുസരിക്കരുത്. സൃഷ്ടാവിനെ ധിക്കരിക്കത്ത കാര്യങ്ങള്‍ കല്‍പിക്കുന്നത് 'ഉലുല്‍ അംറ്' ആയാലും 'ത്വാഗൂത്ത്' ആയാലും അത് സ്വീകരിക്കാം.


ത്വാഗൂത്തിനെയാണോ ത്വാഗൂത്തല്ലാത്തവനെയാണോ അനുസരിക്കുന്നത്‌ എന്നതല്ല വിഷയം, മറിച്ച്‌ അനുസരിക്കുന്ന വിഷയം അല്ലാഹു അംഗീകരിക്കുന്നതാണോ അല്ലയോ എന്നതാണ്. അതില്‍ ശിര്‍ക്ക്‌ അടങ്ങിയിട്ടുണ്ടോ, കുഫ്ര്‍ അടങ്ങിയിട്ടുണ്ടോ, പാപം അടങ്ങിയിട്ടുണ്ടോ, അതല്ല പുണ്യമാണോ അടങ്ങിയിട്ടുള്ളത്‌ ഇതാണ് ആ വിഷയത്തില്‍ കാര്യം വേര്‍തിരിച്ച്‌ മനസ്സിലാക്കാനുള്ള കൃത്യമായ മാനദണ്ഡം.
ഈ മാനദണ്ഡം അനുസരിച്ചാണ് ഒരു മുസ്‌ലിമിന്റെ ഈ ലോക ജീവിതത്തില്‍ വരുന്ന സകല പ്രശ്‌നങ്ങൾക്കും - വാപ്പയെ അനുസരിച്ചാലും, അധ്യാപകനെ അനുസരിച്ചാലും, ഭരണാധികാരിയെ അനുസരിച്ചാലും - മതപരമായ ഹുക്‌മ് നിർണ്ണയിക്കുന്നത്, ആ അനുസരണം ഏത്‌ വിഷയത്തിലാണ് എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
അല്ലാഹുവിനെതിരായിട്ട്‌ എന്ത്‌ പറയാനും എന്ത്‌ ചെയ്യാനും ആര്‍ കൽപ്പിച്ചാലും അത്‌ നാം അനുസരിക്കാന്‍ പാടില്ല. അത്‌ അനുസരിക്കാന്‍ പാടില്ലാത്തത്‌, അത്‌ കല്‍പ്പിച്ചത്‌ 'ത്വാഗൂത്ത്' ആയതിനാലല്ല. കൽപ്പിക്കുന്നത്‌ സ്വന്തം വാപ്പയോ ഉമ്മയോ ആണെങ്കില്‍ പോലും അത് അനുസരിക്കാന്‍ പാടില്ല. കൽപ്പിക്കുന്നത്‌ വേറെ ഏതു നല്ല മനുഷ്യനായാലും അനുസരിക്കാന്‍ പാടില്ല.
എന്നാല്‍ 'മ‍അ‌സിയ്യത്ത്' കല്‍പിക്കുന്നത് 'ത്വാഗൂത്തല്ല ; ഇസ്‍ലാമിക രാഷ്ട്രത്തിലെ ഭരണാധികാരിയോ, ഉലുല്‍ അംറോ ആയിരുന്നാലും അക്കാര്യത്തില്‍ അവരെ അനുസരിക്കരുത്.


صحيح البخاري - (ج 22 / ص 52) 6611 - حَدَّثَنَا مُسَدَّدٌ حَدَّثَنَا يَحْيَى بْنُ سَعِيدٍ عَنْ عُبَيْدِ اللَّهِ حَدَّثَنِي نَافِعٌ عَنْ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُ عَن
النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ السَّمْعُ وَالطَّاعَةُ عَلَى الْمَرْءِ الْمُسْلِمِ فِيمَا أَحَبَّ وَكَرِهَ مَا لَمْ يُؤْمَرْ بِمَعْصِيَةٍ فَإِذَا أُمِرَ بِمَعْصِيَةٍ فَلَا سَمْعَ وَلَا طَاعَةَ
(ഉലുല്‍അംറിന്റെ വാക്ക് കേള്‍ക്കലും അനുസരിക്കലും, അത് തനിക്ക് ഇഷ്ടകരമായാലും അനിഷ്ടകരമായാലും മുസല്‍മാനു നിര്‍ബന്ധമാകുന്നു- `മഅ്സിയത്ത്` കൊണ്ട് ആജ്ഞാപിക്കപ്പെടാത്തേടത്തോളം. അഥവാ `മഅ്സിയത്ത്` കൊണ്ട് ആജ്ഞാപിക്കപ്പെടുന്ന പക്ഷം പിന്നെ കേള്‍ക്കലും അനുസരിക്കലും പാടുള്ളതല്ല). (തഫ്‍ഹീമുല്‍ ഖുര്‍ആന്‍ 4:59 വ്യാഖ്യാനം)

10
പമാധികാരിയാക്കിയുള്ള അനുസരണ നിര്‍വചനത്തോടുള്ള ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ പ്രസിദ്ധീകരണങ്ങളില്‍ വന്ന പ്രതികരണം ഇപ്രകാരമാണ്‌.

"വിധികര്‍തൃത്വം വകവച്ചുകൊടുത്തുകൊണ്ട്‌ വല്ല സൃഷ്ടിയേയും അനുസരിക്കുന്നതാണ്‌ ശിര്‍ക്ക്‌ എന്നു പറയുന്നത്‌ ഒരു സുചിന്തിതാഭിപ്രായമായി സലഫികള്‍ക്ക്‌ പരിഗണിക്കാന്‍ പ്രയാസമുണ്ട്‌. `ഒന്നിനെ ഇലാഹ്‌ എന്നു സങ്കല്‍പിച്ചുകൊണ്ട്‌ വിളിച്ചു തേടിയാല്‍ മാത്രമേ ശിര്‍ക്കുണ്ടാകൂ എന്നു വാദിക്കുന്ന ഖുബൂരിയുടെ ശൈലിയാണിതും. അല്ലാഹു അല്ലാത്ത ഒന്നിനെക്കുറിച്ച്‌ ഇലാഹ്‌ എന്നു സങ്കല്‍പ്പിക്കുമ്പോള്‍ തന്നെ ശിര്‍ക്ക്‌ ഉണ്ടായിക്കഴിഞ്ഞു. ഇതുപോലെ വിധികര്‍തൃത്വം അല്ലാഹു അല്ലാത്തവര്‍ക്ക്‌ വകവച്ചു കൊടുക്കുന്നതോടെ ശിര്‍ക്ക്‌ ഉണ്ടായിക്കഴിഞ്ഞു. പിന്നെ `അനുസരണം എന്ന ഒരനുബന്ധകാര്യം കൂടി ഉണ്ടാകേണ്ടതില്ല ശിര്‍ക്കുണ്ടാകാന്‍. വിധികര്‍തൃത്വം അംഗീകരിച്ചു കൊടുക്കലാണ്‌ പ്രധാന പ്രശ്‌നം. അല്ലാതെ അനുസരിക്കലോ അനുസരിക്കാതിരിക്കലോ അല്ല. വിധികര്‍തൃത്വം അംഗീകരിച്ചു കൊടുത്തുകൊണ്ട്‌ അനുസരിക്കാതിരുന്നാലും ശിര്‍ക്ക്‌ ഉണ്ടാകും എന്നര്‍ത്ഥം." (ജമാഅത്ത്‌ സാഹിത്യവും വൈരുദ്ധ്യാധിഷ്‌ഠിത വസ്‌വാസുകളും പേ 132)

"അല്ലാഹുവിന്റെ വിധികളെ ധിക്കരിക്കുന്ന ആള്‍ അതോടെ കാഫിറായിത്തീരും. പിന്നെ അയാള്‍ക്ക്‌ ഇസ്ലാമില്‍ സ്ഥാനമില്ല. അല്ലാഹുവെ ധിക്കരിച്ചിട്ട്‌ അവന്‍ പിശാചിനെയാണോ, സത്യനിഷേധികളെയാണോ, സ്വേച്ഛാധിപതികളെയാണോ, സ്വന്തം ദേഹേച്ഛയെയാണോ അനുസരിക്കുന്നത്‌ എന്നതൊരു മൌലിക പ്രശ്‌നമല്ല. അല്ലാഹുവിന്റെ വിധിയെ ധിക്കരിച്ചുകൊണ്ട്‌ അവന്റെ വിധിക്ക്‌ സമാനമായോ അതിനേക്കാള്‍ ഉപരിയായോ മറ്റൊരാളുടെ വിധി പരിഗണിച്ചാല്‍ അല്ലാഹുവിന്ന്‌ `നിദ്ദിനെ (സമശീര്‍ഷനെ/ സമസ്ഥാനീയനെ) സ്വീകരിക്കുക എന്ന ശിര്‍ക്കിന്റെ വകുപ്പില്‍ അത്‌ ഉള്‍പ്പെടുകയും ചെയ്യും." (ശബാബ്‌ 2006 ഡിസംബര്‍ 22 മുഖാമുഖം)

അല്ലാഹുവെ അവഗണിച്ച്‌ മറ്റേതെങ്കിലും ശക്തിക്ക്‌ പരമാധികാരം കല്‍പിക്കുന്ന വ്യക്തി അല്ലാഹുവെ അവഗണിക്കുന്നതോടെ തന്നെ കാഫിറായി കഴിഞ്ഞതിനാല്‍ അയാളുടെ ഇബാദത്ത്‌ സംബന്ധിച്ച ചര്‍ച്ച അപ്രസക്തമാകുന്നു.....(പേജ്‌ 62)

.....`സ്വതന്ത്രമായ നിയമനിര്‍മ്മാണം എന്നാല്‍ എന്താണ്‌?
അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്ക്‌ വിരുദ്ധമാണോ, അല്ലേ എന്ന പരിഗണന കൂടാതെ ഏത്‌ തരത്തില്‍ നിയമം നിര്‍മ്മിക്കാനും തനിക്ക്‌ അധികാരമുണ്ടെന്ന്‌ ഒരാള്‍ കരുതുന്നുവെങ്കില്‍ അയാള്‍ ദൈവത്തിന്റെ പരമാധികാരം നിഷേധിക്കുന്നതിനാല്‍ അവിശ്വാസിയാണ്‌. സ്വന്തത്തെ അല്ലാഹുവിന്‌ സമാന്തരമായ ഒരു അധികാരശക്തിയായി ഉയര്‍ത്തിനിര്‍ത്തുന്നതിനാല്‍-അല്ലാഹുവിന്‌ പങ്കാളിയെ സ്ഥാപിക്കുക എന്ന നിലയില്‍-അയാളുടെ നിലപാടിനെ ശിര്‍ക്ക്‌ എന്നും വിശേഷിപ്പിക്കാവുന്നതാണ്‌. ഏതായാലും അയാള്‍ ഈമാനിന്റേയും തൌഹീദിന്റേയും പരിധിക്ക്‌ പുറത്താണെന്ന കാര്യത്തില്‍ മുജാഹിദുകള്‍ക്ക്‌ സംശയമില്ല. മറിച്ചൊരു അഭിപ്രായം മുജാഹിദ്‌ പ്രസംഗകരോ, എഴുത്തുകാരോ ഉന്നയിച്ചിട്ടുമില്ല.
അല്ലാഹു ഹലാലായി നിശ്ചയിച്ച കാര്യം ഹറാമാണെന്ന്‌ വിധിക്കുവാനോ ഹറാമായി നിശ്ചയിച്ച കാര്യം ഹലാലാണെന്ന്‌ പറയാനോ സൃഷ്ടികളില്‍ ആര്‍ക്കും അവകാശമില്ലെന്ന കാര്യം അനേകം ലേഖനങ്ങളിലും പുസ്‌തകങ്ങളിലും മുജാഹിദുകള്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഇതൊന്നും ജമാഅത്ത്‌-മുജാഹിദ്‌ സംവാദത്തിന്റെ തര്‍ക്കവിഷയമല്ല. ഇവര്‍ വെറുതെ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്‌.(പേജ്‌ 103),.

അല്ലാഹു പറഞ്ഞതിനേക്കാള്‍ ആധികാരികത മറ്റുള്ളവരുടെ അഭിപ്രായത്തിന്‌ കല്‍പിക്കുന്ന സമീപനം ശിര്‍ക്കുതന്നെയാണ്‌. എന്നാല്‍ അത്‌ കേവലം അനുസരണത്തിന്റെ പ്രശ്‌നമല്ല. അല്ലാഹുവിന്റെ `നിദ്ദിനെ (തുല്യനെ അഥവാ എതിരാളിയെ) സ്ഥാപിക്കുക എന്ന ഖുര്‍ആന്‍ വ്യക്തമാക്കിയ വ്യതിയാനത്തിന്റെ വകുപ്പിലാണ്‌ അതുള്‍പ്പെടുക.``(പേജ്‌ 248)
(മതം രാഷ്ട്രീയം ഇസ്ലാഹി പ്രസ്ഥാനം)

അല്ലാഹുവാണ്‌ പരമാധികാരി എന്നു വിശ്വസിക്കുന്നവര്‍ ദൈവേതരരെ അനുസരിക്കുന്നത് ശിര്‍ക്കാവില്ലെങ്കില്‍ , ഇക്കാര്യത്തില്‍ ഒരു വിയോജിപ്പിന്‌ പ്രസക്തിയില്ല. കാരണം മതവിശ്വാസികള്‍ ദൈവത്തെയാണ്‌ പരമാധികാരിയായി കരുതുന്നത്.

11
 
ഇനി അല്ലാഹുവല്ലാത്തവരെ പരമാധികാരിയാക്കി അനുസരിക്കുന്നതാണ്‌ അഭൌതികതയുമായി ബന്ധമില്ലാത്ത അനുസരണശിര്‍ക്കെങ്കില്‍ , അവിടെ മറ്റൊരു പ്രശ്‌നം വരുന്നുണ്ട്‌.,. ജമാഅത്ത്‌ പ്രസ്‌തുത വാദത്തിന്‌ തെളിവായി ചില ഖുര്‍ആന്‍ വചനങ്ങള്‍ ഉദ്ധരിക്കാറുണ്ട്‌.

``അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടാത്തതില്‍ നിന്ന്‌ നിങ്ങള്‍ ഭക്ഷിക്കരുത്‌. നിശ്ചയമായും അത്‌ അധര്‍മ്മം തന്നെയാണ്‌. നിങ്ങളോട്‌ തര്‍ക്കിക്കുവാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക്‌ സന്ദേശം നല്‍കുന്നുണ്ട്‌. നിങ്ങള്‍ അവരെ അനുസരിക്കുന്ന പക്ഷം നിങ്ങളും മുശ്‌രിക്കുകള്‍ തന്നെ. (അന്‍ആം 6:121)
ഇവിടെ പിശാചിനെ അനുസരിച്ച്‌ ആ മാംസം ഭക്ഷിച്ചാല്‍ മുശ്‌രിക്കാകും എന്ന അല്ലാഹുവിന്റെ താക്കീതിന്‌ വിധേയരായവര്‍ മുഹമ്മദ്‌ നബി(സ)യുടെ കൂടെ ജീവിച്ച സഹാബികളില്‍പെട്ടവരായിരുന്നു. അവരിലാരുടെയെങ്കിലും വിശ്വാസം `ഞാന്‍ അനുസരിക്കേണ്ടത്‌ പിശാചിനെയാണ്‌ അല്ലാഹുവെയല്ല, അല്ലാഹുവിന്റെ കല്‍പന എന്തായാലും ഞാന്‍ പിശാചിനെയേ അനുസരിക്കൂ എന്നായിരുന്നുവോ? അതല്ല എന്നു വ്യക്തം. പിന്നെ എങ്ങിനെയാണ്‌ ഈ ആയത്ത്‌ `വിധികര്‍ത്താവാക്കിയ അനുസരണം എന്ന ശിര്‍ക്കിനു തെളിവാകുക?

അതുപോലെ `ഞാന്‍ അനുസരിക്കേണ്ടത്‌ യഹോവയെ അല്ല പണ്ഡിതപുരോഹിതരെയാണ്‌, യഹോവ എന്തു കല്‍പിച്ചാലും എനിക്ക്‌ അത്‌ ബാധകമല്ല എന്ന നിഷേധ മനോഭാവത്തിലാണോ ജൂത-ക്രൈസ്‌തവര്‍ അവരുടെ പണ്ഡിത-പുരോഹിതരെ അനുസരിച്ചത്‌?

യഹോവയെ തന്നെയാണ്‌ അനുസരിച്ച്‌ ജീവിക്കേണ്ടത്‌ എന്നായിരുന്നു അവരുടെ വിശ്വാസം. അതിനായി തങ്ങളുടെ ജീവിതത്തില്‍ വരുന്ന പ്രശ്‌നങ്ങളില്‍ യഹോവയുടെ വിധി എന്ത്‌ എന്ന്‌ അവര്‍ അറിയാന്‍ ശ്രമിച്ചിരുന്നു. അങ്ങനെ`ദൈവഹിതം അഥവാ `യഹോവയുടെ ഇഷ്ടം ജനങ്ങളിലേക്ക്‌ അറിയുന്നതിനുള്ള ഒരു മധ്യവര്‍ത്തിയായിട്ടാണ്‌ അവര്‍ അവരുടെ പണ്ഡിതപുരോഹിതന്മാരെ കണ്ടിരുന്നത്‌. അവരുടെ കല്‍പ്പനകള്‍ ദൈവകല്‍പ്പനകള്‍ ആയിട്ടാണ്‌ അവര്‍ മാനിച്ചിരുന്നത്‌. അല്ലാതെ, ദൈവം ഒരു വശത്തും പണ്ഡിതര്‍ അതിനെതിരായി മറുവശത്തും നിലകൊള്ളുകയും അതില്‍ ഞങ്ങള്‍ പണ്ഡിതരുടെ കൂടെയാണ്‌ ദൈവത്തിന്റെ കൂടെയല്ല എന്ന നിലക്കല്ല ജൂതക്രൈസ്‌തവരുടെ പൌരോഹിത്യ വിധേയത്വം ഉണ്ടായത്‌.

ആദം സംന്തതികളെ, പിശാചിനു ഇബാദത്തെടുക്കരുതെന്ന്‌ (യാസീന്‍ 36:60) പറയുന്ന വചനത്തില്‍ ആക്ഷേപവിധേയരായവര്‍ `ഞാന്‍ അനുസരിക്കേണ്ടത്‌ പിശാചിനെയാണ്‌ അല്ലാഹുവെയല്ല എന്ന്‌ വിശ്വസിച്ചാണോ പിശാചിനെ അനുസരിച്ചത്‌?

ഇലാഹായി ദേഹേച്ചയെ സ്വീകരിച്ച ബഹുദൈവ വിശ്വാസികള്‍ (ജാഥിയ 45:23, ഫുര്‍ഖാന്‍ 25:43) `ഞാന്‍ അനുസരിക്കുക എന്റെ ദേഹേച്ഛയെയാണ്‌, ദൈവത്തെയല്ല. ദൈവം എന്തു പറഞ്ഞു എന്ന്‌ ഞാന്‍ ചിന്തിക്കുന്നേയില്ല എന്ന്‌ വിശ്വസിച്ചവര്‍ ആയിരുന്നോ?

ചുരുക്കത്തില്‍ ഈ നിര്‍വചനത്തിന്‌ അത് അടിസ്ഥാനമാക്കിയ തെളിവുകളുമായി ബന്ധമില്ല.

12
 
നിഷ്‌പക്ഷ്‌മായി ചിന്തിച്ചു നോക്കുക. വിശ്വാസിയായ ഏതെങ്കിലുമൊരു മുസ്ലിം കരുതൂന്നുണ്ടോ `ഞാന്‍ അനുസരിക്കേണ്ടത്‌ ദൈവത്തെയല്ല, ഗവണ്‍മെന്റിനെയാണ്‌ എന്ന്‌? മുസ്ലിംകള്‍ പോകട്ടെ ഒരുവേള അമുസ്ലിംകള്‍ പോലും അങ്ങനെ വിശ്വസിച്ച്‌ ഗവണ്‍മെന്റിനെ അനുസരിക്കുന്നുണ്ടാവില്ല.









 13
അല്ലാഹുവാണ്‌ പരമാധികാരി എന്നതില്‍ ഒരു വിഭാഗം മുസ്ലിംകള്‍ക്കും അഭിപ്രായവ്യത്യാസമുള്ളതായി അറിവില്ല.

മക്കാ മുശ്‌രിക്കുകള്‍ പോലും അത്‌ അംഗീകരിച്ചിരുന്നു. തഫ്‌ഹീമുല്‍ ഖുര്‍ആനില്‍ നിന്ന്‌ അത്‌ ഇപ്രകാരം വായിക്കാം.

സൂറ മുഅ്‌മിനൂന്‍ 23:84 മുതലുള്ള വചനങ്ങളുടെ വിശദീകരണത്തില്‍ നിന്ന്‌
''....അവരോട്‌ പറയുക: സകല വസ്‌തുക്കളിലും പരമാധികാരമുള്ളവനും,81 അഭയം നല്‍കുവനും, തനിക്കെതിരില്‍ അഭയം നല്‍കാന്‍ കെല്‍പുള്ളവരാരുമില്ലാത്തവനും ആരെന്ന്‌ നിങ്ങള്‍ക്കറിയാമെങ്കില്‍ പറയുവിന്‍.` തീര്‍ച്ചയായും അവര്‍ പറയും: ഈ ഗുണങ്ങള്‍ അല്ലാഹുവിന്‌ മാത്രമുള്ളതാകുന്നു.

വ്യാഖ്യാനം. ''81. മൂലത്തില്‍ വന്നിട്ടുള്ള മലകൂത്ത്‌ എന്ന പദം മുല്‍ക്‌ (ആധിപത്യം) മില്‍ക്‌ (ഉടമസ്ഥത) എന്നീ രണ്ടു ആശയങ്ങളും ഉള്‍ക്കൊള്ളുന്നതാകുന്നു. അതോടൊപ്പം അര്‍ഥാധിക്യത്തെ സൂചിപ്പിക്കുന്ന പ്രയോഗവുമാണത്‌. ഈ അപഗ്രഥനം മുന്നില്‍വെച്ചു ചിന്തിക്കുമ്പോള്‍ ചോദ്യത്തിന്റെ പൂര്‍ണമായ ആശയമിതാണ്‌: എല്ലാ വസ്‌തുക്കളുടെയും പൂര്‍ണമായ അധികാരവും എല്ലാ വസ്‌തുക്കളുടെയും പൂര്‍ണമായ ഉടമസ്ഥതയും ആര്‍ക്കാണ്‌? " ( തഫ്‍ഹീമുല്‍ ഖുര്‍ആന്‍ )

ത്വാഗൂത്തായ ഭരണാധികാരിയെ ശപിച്ചുകൊണ്ട്‌ അനുസരിച്ചാല്‍ പോലും അത്‌ അയാള്‍ക്കുള്ള ഇബാദത്താണ്‌ എന്നതാണ്‌ അനുസരണശിര്‍ക്കിന്റെ വിശദീകരണമെങ്കില്‍ അത്‌ എതിര്‍ക്കപ്പെട്ടിട്ടുണ്ട്‌ മുമ്പ്‌, ഇപ്പോഴും. ഇനി ത്വാഗൂത്തിനെ പരമാധികാരിയായി അംഗീകരിച്ച്‌ ഞാന്‍ അനുസരിക്കേണ്ടത്‌ ത്വാഗൂത്തിനെയാണ്‌, അല്ലാഹുവിനെയല്ല എന്ന്‌ വിശ്വസിച്ച്‌ അനുസരിക്കലാണ്‌ അനുസരണശിര്‍ക്കെങ്കില്‍ അത്‌ ഒരു തര്‍ക്കവിഷയമേ അല്ല. അപ്രകാരം അനുസരണം വിശ്വാസിയായ ഒരു മുസ്‌ലിമും നടത്തുന്നില്ല എന്നതില്‍ ജമാഅത്തുകാരൊഴിച്ച്‌ മറ്റാര്‍ക്കും സംശയമുണ്ടാകാന്‍ യാതൊരു സാധ്യതയുമില്ല.

14

അടിമത്തം.

"അടിമത്തം രണ്ടു തരമുണ്ട്‌. ഒന്ന്‌ ലൌകികവും മറ്റൊന്ന്‌ അലൌകികവും. സത്യവിശ്വാസികള്‍ അബ്‌ദുല്ലാഹ്‌ (അല്ലാഹുവിന്റെ ദാസന്‍ ) എന്നും ബഹുദൈവ വിശ്വാസികള്‍ അബ്‌ദുശ്ശംസ്‌ (സൂര്യദാസന്‍ )എന്നും പേരിടുമ്പോള്‍ ഉദ്ധേശിക്കുന്നത്‌ അല്ലാഹുവിന്നോ സൂര്യന്നോ ലൌകികമായ അടിമവൃത്തി അഥവാ ഭൃത്യവേല ചെയ്യുന്നവന്‍ എന്നല്ല; അലൌകികമായ ദാസ്യം അഥവാ കീഴ്‌വണക്കം ചെയ്യുന്നവനെന്നാണ്‌. ഈ അലൌകികമായ ദാസ്യം ആരാധനയുടെ വകുപ്പില്‍ പെട്ടതാണ്‌. ഈ അര്‍ത്ഥത്തിലുള്ള അടിമത്തം അല്ലാഹുവല്ലാത്ത ആര്‍ക്കും അര്‍പ്പിക്കാന്‍ പാടില്ല. എന്നാല്‍ സൈദുബിനു ഹാരിസ നബി(സ)യുടെ അടിമയായിരുന്നു, മാരിയ അവിടുത്തെ ദാസിയായിരുന്നു എന്നൊക്കെ പറയുന്നത്‌ ലൌകികമായ ദാസ്യം അഥവാ ഭൃത്യവേല ചെയ്യുന്ന വ്യക്തി എന്ന നിലയിലാണ്‌. ഈ അര്‍ത്ഥത്തിലുള്ള അടിമകള്‍ ഖലീഫമാര്‍ക്കും പ്രമുഖ സ്വഹാബിമാര്‍ക്കുമുണ്ടായിരുന്നു."
(മുഖാമുഖം മതം, രാഷ്ട്രീയം, ഇസ്ലാഹീ പ്രസ്ഥാനം - പേജ്‌:74)] }
ഇതാണ്‌ ശിര്‍ക്കാവുന്ന അടിമത്തവും അതല്ലാത്തതും തമ്മിലെ വ്യത്യാസം.
വി ഖു അ‍അറാഫ് 7:190 വ്യാഖ്യാനത്തില്‍ കുറിപ്പ് 146 തഫ്‍ഹീമുല്‍ ഖുര്‍ആനില്‍ 'അഭൌതികമായ അടിമത്തത്തിന്‍റെ പേരുകള്‍ പരാമര്‍ശിക്കുന്നുണ്ട്.
'' ഗര്‍ഭകാലത്ത് അവര്‍ എല്ലാ പ്രതീക്ഷകളും ഏകദൈവത്തില്‍ അര്‍പ്പിച്ചുകൊണ്ട് ലക്ഷണമൊത്ത ഒരു കുഞ്ഞിനുവേണ്ടി അവനോട് പ്രാര്‍ഥിക്കുന്നത്. എന്നിട്ടുപോലും, അജ്ഞതയും അന്ധതയും ഇക്കൂട്ടരെ എവിടെയാണെത്തിക്കുന്നതെന്ന് നോക്കുക. പ്രതീക്ഷ പൂവണിയുകയും തിങ്കള്‍പോലെ തിളങ്ങുന്ന ഒരു കുഞ്ഞ് പിറന്നുവീഴുകയും ചെയ്തുവെന്നിരിക്കട്ടെ-കൃതജ്ഞതാ സൂചകമായ നേര്‍ച്ചകളും വഴിപാടുകളുമായി വല്ല ദേവീദേവന്‍മാരെയോ ഔലിയാക്കളെയോ തങ്ങന്മാരെയോ മറ്റോ ആണ് സമീപിക്കുന്നത്. കുട്ടിയെ നല്‍കിയത് അല്ലാഹു അല്ലാത്ത മറ്റാരോ ആണെന്ന് ദ്യോതിപ്പിക്കുന്ന നാമങ്ങളിലാണതിനെ വിളിക്കുന്നതും. ഹുസൈന്‍ ബക്ശ് , പീര്‍ബക്ശ് , അബ്ദുര്‍റസൂല്‍ , അബ്ദുല്‍ ഉസ്സാ, അബ്ദുശ്ശംസ് എന്നിവ ഉദാഹരണങ്ങള്‍ ''

15

എന്താണ്‌ ഇബാദത്ത് ?

"എന്നാല്‍ എന്താണ്‌ ഇബാദത്ത്‌? സ്വാഭാവികമായുണ്ടാവുന്ന ചോദ്യം.

മറുപടി ലളിതമാണ്‌. നബി(സ)നല്‍കിയ വിശദീകരണം തന്നെ നമുക്ക്‌ മതി.`പ്രാര്‍ത്ഥന അതാണ്‌ ഇബാദത്ത്‌,`പ്രാര്‍ത്ഥന അതാണ്‌ ഇബാദത്തിന്റെ മജ്ജ. അതായത്‌ പ്രാര്‍ത്ഥനയുള്ള എന്തുണ്ടോ, അത്‌ ഇബാദത്താണ്‌. പ്രാര്‍ത്ഥനയില്ലാത്തതെന്തും ഇബാദത്ത്‌ ആവുകയില്ല. അവിടെ അനുസരണമാണോ അല്ലേ എന്നതിനു പ്രസക്തിയില്ല. ശാരീരികമായ വല്ല പ്രവര്‍ത്തനമുണ്ടോ ഇല്ലേ എന്നതിനു സ്ഥാനമില്ല. പ്രാര്‍ത്ഥനയുണ്ടോ എന്നതാണ്‌ പരിഗണനീയം. പ്രാര്‍ത്ഥനാ മാനസിക പ്രവര്‍ത്തനമാണ്‌. പ്രാര്‍ത്ഥന എന്താണ്‌?

"പ്രാർത്ഥന എന്താണ്? അൽ‌പം വിശദീകരിക്കാം. ഒരു കർഷകൻ ഉഴുതു, വിതച്ചു, നനച്ചു, വളം ചേർത്തു, വേലികെട്ടി - അങ്ങനെ തന്നാൽ കഴിയുന്നതെല്ലാം ചെയ്തു. അതു കൊണ്ടു മാത്രം വിളയുണ്ടാവുമെന്ന് മൻസ്സിന് സമാധാനമില്ല. കൃഷി വളർത്തുന്നതും വിളയുണ്ടാക്കുന്നതും താനല്ല. അത് ഒരു പരാശക്തിയാണ്. ആ പരാശക്തിയുടെ നേരെ അയാളുടെ അന്തരംഗം അർത്ഥന കൊണ്ടു തുടിക്കുന്നു. ഇതാണ് പ്രാർത്ഥന. ഇതാണ് ഇബാദത്ത്.

ആഹാരവും കഴിച്ചു ഹോട്ടലിൽ നിന്നിറങ്ങുമ്പോൾ ഒരു കണ്ണില്ലാത്ത ഭിക്ഷക്കാരൻ മുന്നിൽ. അയാളുടെ പരവശതയെപ്പറ്റി, ഗതികേടിനെപ്പറ്റി ഓർത്തപ്പോൾ മനസ്സിന്റെ അടിത്തട്ടിൽ ഒരു നൊമ്പരം. താൻ എത്ര അനുഗ്രഹീതനെന്ന ബോധം. തന്നെ കണ്ണുകൾ നൽ‌കി അനുഗ്രഹിച്ചവനോടുള്ള കൃതജ്ഞത മനസ്സിൽ പൊന്തി വന്നു. ആ മാനസിക ചലനത്തിനനുസൃതമായി ഏതാനും നാണയത്തുട്ടുകൾ അയാളുടെ കൈയിൽ വെച്ചു കൊടുത്തു. അവിടെ, ആ പരാശക്തിയുടെ നേരെയുണ്ടായ മാനസിക ചലനമില്ലേ, അതാണ് പ്രാർത്ഥന. അതാണ് ഇബാദത്ത്. അല്പം കഴിഞ്ഞു ഏതാനും പൌരമുഖ്യർ ഒരു ക്ലബ്ബിന്റെ സംഭാവന ടിക്കറ്റുകളുമായി സമീപിച്ചു. അവരുടെ തൃപ്തിക്കു വേണ്ടി മാത്രം കൊടുത്തു; ഒരു വലിയ തുക - ഇവിടെ പ്രാർത്ഥനയില്ല. പരാശക്തിയോടുള്ള കൃതജ്ഞതയില്ല. അതു കൊണ്ട് അത് ഇബാദത്തുമല്ല. അയാൾ ക്ലബ്ബിന് പണം നൽകിയത് ഒരു പക്ഷേ തെറ്റായിരിക്കാം. പക്ഷേ, പൌരമുഖ്യർക്കുള്ള ഇബാദത്തല്ല.

ഒരു തോട്ടമുടമ അയാളുടെ തോട്ടത്തില്‍ കന്നുകാലികള്‍ കയറിയപ്പോള്‍ ആട്ടിയോടിച്ചു. എന്നാല്‍ ഒരു നേര്‍ച്ച കൂറ്റന്‍ കടന്നു വിള തിന്നപ്പോള്‍ അയാള്‍ സംശയിച്ചു നിന്നു. അതിനെ ആട്ടിയോടിച്ചാല്‍ നേര്‍ച്ചക്കാരുടെ ഗുരുത്തക്കേട്‌ തനിക്ക്‌ പറ്റില്ലേ എന്നു പേടി. ഒന്നും ചെയ്യാതെ അയാള്‍ കൈകെട്ടിയിരുന്നു. ഈ ഇരുത്തം ഇബാദത്താണ്‌. എന്തെന്നാല്‍ നേര്‍ച്ചകാരോടുള്ള അവരുടേ അജ്ഞാതമായ കഴിവിനെ പറ്റിയുള്ള ബഹുമാനമാണ്‌ അയാളെ അവിടെ പിടിച്ചിരുത്തിയത്‌. തനിക്ക്‌ ഗുരുത്വക്കേടുണ്ടാക്കരുതേയെന്ന്‌ നേര്‍ച്ചക്കാരോട്‌ അയാളുടെ മനസ്സ്‌ പ്രാര്‍ത്ഥിക്കുകയായിരുന്നു.

ഇപ്പോൾ വിഷയം വ്യക്തമായിരിക്കുമെന്ന് വിശ്വസിക്കുന്നു. അല്ലാഹുവിനോട് ഈ വിധമുണ്ടാകുന്ന മനസ്സിന്റെ പ്രാർത്ഥനയിൽ ശരീരവും സമ്പത്തും മറ്റും പങ്കെടുത്തുകൊണ്ടുള്ള ആരാധനയുടെ പ്രകടരൂപം അല്ലാഹു നിശ്‌ചയിച്ചു തന്നിട്ടുണ്ട്. അവയാണ് നമസ്കാരവും നോമ്പും സക്കാത്തും ഹജ്ജും മറ്റും . അല്ലാഹു നിശ്ചയിച്ചു തന്ന രൂപത്തിൽ മാത്രമേ അവ നിർവഹിക്കുവാൻ പാടുള്ളൂ. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.ആമീൻ" (ഇബാദത്തും ഇത്വാ‌അത്തും, പേജ് 87, 2ED)

16

പ്രാര്‍ത്ഥന / പ്രാര്‍ത്ഥനാഭാവം / നിയ്യത്ത്
ഇബാദത്ത് സ്വീകാര്യമാകാന്‍ അതില്‍ ഒരു "പ്രാര്‍ത്ഥന അല്ലെങ്കില്‍ തേട്ടം" ഉണ്ടാകണം. അപ്പോള്‍ ഒരു സംശയം ഉന്നയിക്കാറുണ്ട്, അപ്പോള്‍ നിയ്യത്ത് എന്ന് പറയുന്നതും അത് തന്നെയാണോ എന്ന്.

സൂറ ഗാഫിര്‍ 40: 60, കുറിപ്പ് 84, തഫ്‍ഹീമുല്‍ ഖുര്‍ആന്‍

وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ﴿٦٠﴾


84. ഈ സൂക്തത്തില്‍ രണ്ട് കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധേയമാകുന്നു. ഇവിടെ `ദുആഅ്` എന്ന പദവും `ഇബാദത്ത്` എന്ന പദവും പര്യായങ്ങളായിട്ടാണ് ഉപയോഗിച്ചിട്ടുള്ളത്. എന്തുകൊണ്ടെന്നാല്‍ ഇവിടെ ഒരു വാക്യത്തില്‍ `ദുആ` എന്ന പദംകൊണ്ട് പ്രകടിപ്പിച്ച ആശയം തന്നെയാണ് അടുത്ത വാക്യത്തില്‍ `ഇബാദത്ത്` എന്ന പദംകൊണ്ട് പ്രകടിപ്പിച്ചിരിക്കുന്നത്. പ്രാര്‍ഥന ഇബാദത്തും ഇബാദത്തിന്റെ ജീവനുമാണെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. പ്രാര്‍ഥിക്കാത്തവരെ സംബന്ധിച്ച, `എന്റെ ഇബാദത്തില്‍നിന്ന് ഗര്‍വിഷ്ഠരായി പിന്തിരിയുന്നവര്‍` എന്നുപറഞ്ഞിരിക്കുന്നുവെന്നതാണ് ശ്രദ്ധേയമായ രണ്ടാമത്തെ സംഗതി. അല്ലാഹുവിനോട് പ്രാര്‍ഥിക്കുക എന്നത് അടിമത്തത്തിന്റെ താല്‍പര്യമാണെന്ന് ഇതില്‍നിന്ന് മനസ്സിലാകുന്നു. പ്രാര്‍ഥനയെ അവഗണിക്കുക എന്നാല്‍ അവന്‍ അഹങ്കാരത്തില്‍ പതിച്ചിരിക്കുന്നുവെന്നും അതിനാല്‍ സ്രഷ്ടാവും യജമാനനുമായ അല്ലാഹുവിന്റെ മുമ്പില്‍ തന്റെ അടിമത്തം ഏറ്റുപറയാന്‍ ലജ്ജിക്കുന്നുവെന്നുമാണ്. നബി(സ) സ്വന്തം വചനങ്ങളിലൂടെ സൂക്തത്തിന്റെ ഈ രണ്ടു വശങ്ങളും വിശദീകരിച്ചിട്ടുണ്ട്. ഹ. നുഅ്മാനുബ്നു ബശീര്‍ നിവേദനം ചെയ്യുന്നു: തിരുമേനി പറഞ്ഞു: الدعاء هو العبادة (പ്രാര്‍ഥന ഇബാദത്തുതന്നെയാകുന്നു.) അനന്തരം അവിടുന്ന് ادعونى استجب لكم എന്ന സൂക്തം പാരായണം ചെയ്തു (അഹ്മദ് , തിര്‍മിദി , അബൂദാവൂദ് , നസാഇ , ഇബ്നുമാജ , ഇബ്നു അബീഹാതിം , ഇബ്നുജരീര്‍ ). നബി(സ) പ്രസ്താവിച്ചതായി ഹ. അനസില്‍നിന്ന് തിര്‍മിദി ഉദ്ധരിക്കുന്നു: الدعاء مخ العبادة (പ്രാര്‍ഥന ഇബാദത്തിന്റെ മജ്ജയാകുന്നു) . ....

സൂറ സുമര്‍ 39:9
أَمَّنْ هُوَ قَانِتٌ آنَاءَ اللَّيْلِ سَاجِدًا وَقَائِمًا يَحْذَرُ الْآخِرَةَ وَيَرْجُو رَحْمَةَ رَبِّهِ


''അതല്ല, പരലോകത്തെ പറ്റി ജാഗ്രത പുലര്‍ത്തുകയും, തന്‍റെ രക്ഷിതാവിന്‍റെ കാരുണ്യം ആശിക്കുകയും ചെയ്തു കൊണ്ട് സാഷ്ടാംഗം ചെയ്തും, നിന്നു പ്രാര്‍ത്ഥിച്ചും രാത്രി സമയങ്ങളില്‍ കീഴ്‌വണക്കം ചെയ്യുന്നവനോ (അതല്ല സത്യനിഷേധിയോ ഉത്തമന്‍?) ''

പരലോകത്തെ ഭയപ്പെടുക, റബ്ബിന്റെ കാരുണ്യം കൊതിക്കുക ഇതാണ്‌ പ്രവര്‍ത്തനങ്ങളുടെ അന്തര്‍ധാര. ഇതാണ്‌ "ദുഅ" എന്ന് ഉദ്ദേശിക്കുന്നതും.

റമളാനിലെ നോമ്പിനെ പറ്റി പറയുന്നിടത്ത്
من صام رمضان ايمنا و احتصابا غفر له ما تقدم من ذنبه
ഇഹ്‍തിസാബ്-പ്രതിഫലേച്ഛ- അതും ഉദ്ദേശിക്കുന്നത് ഒരേ കാര്യമാണ്‌.

إنما الأعمال بالنيت وإنما لكل إمرئ مانوى
അതായത് പ്രവര്‍ത്തനത്തിന്‍റെ പ്രതിഫലം ഉദ്ദേശ്യത്തെ ( مانوى ) അടിസ്ഥാനമാക്കിയാണ്‌,.. ഈ തേട്ടമാണ്‌ - ഖൌഫും റജാഉം - ആണ്‌ പ്രവര്‍ത്തനങ്ങളുടെ അന്തര്‍ധാര അഥവ ദുആ.
അതില്ലാതെ അമലുകള്‍ക്ക് സ്വീകാര്യത ലഭിക്കുകയുമില്ല.

പ്രാര്‍ത്ഥന അല്ലാത്ത ഇബാദത്ത് ഏതൊക്കെ എന്നതല്ല വിഷയം, മറിച്ച് പ്രാര്‍ത്ഥന "ഇല്ലാത്ത" ഇബാദത്ത് ഇല്ല എന്നതാണ്‌ വിഷയം.
ശാരീകമായ പ്രവര്‍ത്തനങ്ങളെപ്പോലെ തന്നെ ഇസ്ലാം, വിശ്വാസിയുടെ മാനസിക സന്നദ്ധതയെ വിലമതിക്കുന്നതായി കാണാം. തബൂക്ക് യുദ്ധത്തില്‍ പങ്കെടുക്കാന്‍ സന്നദ്ധരായിരുന്നിട്ടും, ഭൌതിക സൌകര്യങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ അതില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവരെ സംബന്ധിച്ച് പ്രവാചകന്‍ പറഞ്ഞു:
Thouba 9:92
"നിന്നെ സമീപിച്ച്, ഞങ്ങള്‍ക്ക് വാഹനം കിട്ടുമാറാക്കണമെന്ന് അപേക്ഷിച്ചവരും ഇപ്രകാരം നിരപരാധികളാകുന്നു. നിങ്ങള്‍ക്ക് വാഹനം ഏര്‍പ്പെടുത്തുവാന്‍ സാധിക്കുന്നില്ലല്ലോ എന്ന് നീ പറഞ്ഞപ്പോള്‍ അവര്‍ ഗത്യന്തരമില്ലാതെ തിരിച്ചുപോയതായിരുന്നു. അപ്പോള്‍ അവര്‍ കണ്ണീരൊഴുക്കുന്നുണ്ടായിരുന്നു. സ്വന്തം ചെലവില്‍ ജിഹാദിനു പോകാന്‍ കഴിവില്ലാത്തതില്‍ അതീവ ദുഃഖിതരായിരുന്നു അവര്‍ .93"
93. ദീനീ സേവനത്തിന്നായി ആവേശഭരിതരാവുകയും, എന്നാല്‍ യഥാര്‍ഥ നിര്‍ബന്ധിതാവസ്ഥയാലോ യുദ്ധോപകരണങ്ങളുടെ അപര്യാപ്തതമൂലമോ ഫലത്തില്‍ സേവനമനുഷ്ഠിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ മനഃക്ളേശം അനുഭവിക്കുകയും ചെയ്യുന്ന ചിലരുണ്ട്. ഒരു ഭൌതികന് ഉപജീവനമാര്‍ഗം നിഷേധിക്കപ്പെടുകയോ വലിയൊരു കാര്യലാഭത്തിനുള്ള അവസരം നഷ്ടപ്പെടുകയോ ചെയ്താല്‍ അനുഭവപ്പെടുന്ന തരത്തിലുള്ള മനഃക്ളേശം. അത്തരം സജ്ജനങ്ങള്‍ ഫലത്തില്‍ സേവനമനുഷ്ഠിച്ചില്ലെങ്കിലും അല്ലാഹുവിങ്കല്‍ ഉത്തമ സേവകന്മാരുടെ കൂട്ടത്തിലാണ്. എന്തെന്നാല്‍, ശാരീരികമായി സേവനസന്ദര്‍ഭം നഷ്ടപ്പെട്ടെങ്കിലും മനസാ അവര്‍ സേവനനിരതരായിരുന്നു. അതാണ് തബൂക്ക് യുദ്ധത്തില്‍നിന്നു മടങ്ങുമ്പോള്‍ നബി(സ) സഖാക്കളോട് പറഞ്ഞത്:
ان بالمدينة اقواما ماسرتم مسيرا ولا قطعتم واديا الا كانوا معكم

(മദീനയില്‍ ചിലരുണ്ട്. നിങ്ങള്‍ പിന്നിട്ട ഓരോ കാല്‍വെപ്പിലും, നിങ്ങള്‍ തരണംചെയ്ത ഓരോ താഴ്വാരത്തിലും അവര്‍ നിങ്ങളോടൊപ്പമുണ്ടായിരുന്നു.)
`അവര്‍ മദീനയിലായിരിക്കെത്തന്നെയോ?` -സഹാബിമാര്‍ സാദ്ഭുതം ചോദിച്ചു. തിരുമേനി പറഞ്ഞു: "അതെ, മദീനയിലായിരിക്കെത്തന്നെ. നിര്‍ബന്ധിതാവസ്ഥ തടഞ്ഞുവെച്ചില്ലായിരുന്നെങ്കില്‍ ഒരിക്കലും അവര്‍ ഒഴിഞ്ഞുനില്‍ക്കുമായിരുന്നില്ല.``
(Thafheemul Quran)

لَن يَنَالَ اللَّـهَ لُحُومُهَا وَلَا دِمَاؤُهَا وَلَـٰكِن يَنَالُهُ التَّقْوَىٰ مِنكُمْ ۚ
''അവയുടെ മാംസമോ രക്തമോ അല്ലാഹുവിനെ പ്രാപിക്കുന്നില്ല. മറിച്ച്, അവനെ പ്രാപിക്കുന്നത് നിങ്ങളുടെ ഭക്തിയാകുന്നു.'' (ഹജ്ജ് 22:37)
''രക്തവും മാംസവും അല്ലാഹുവിന്റെ മുമ്പില്‍ സമര്‍പ്പിക്കേണ്ടതിനാണ് ബലികര്‍മം നടത്തുന്നത് എന്നായിരുന്നു അവരുടെ വിചാരം. അജ്ഞതയുടെ ഈ മൂടുപടം വലിച്ചുമാറ്റിക്കൊണ്ട് ഖുര്‍ആന്‍ പഠിപ്പിക്കുകയാണ്: യഥാര്‍ഥത്തില്‍ അല്ലാഹുവിന്റെ സമക്ഷത്തിങ്കലെത്തുന്നത് മൃഗങ്ങളുടെ രക്തമോ മാംസമോ അല്ല; പ്രത്യുത, നിങ്ങളുടെ തഖ്വയാണ്. അനുഗ്രഹങ്ങള്‍ക്കുള്ള നന്ദിബോധത്തിന്റെ അടിസ്ഥാനത്തിലുള്ള ഉദ്ദേശ്യശുദ്ധിയും നിഷ്കളങ്കതയുമാണ് അല്ലാഹുവിന്റെ സന്നിധിയിലെത്തിച്ചേരുക. അല്ലാത്തപക്ഷം രക്തവും മാംസവും ഒരു ഫലവും ചെയ്യുകയില്ല. ഇതേ വസ്തുത നബി(സ)യില്‍നിന്നുതന്നെയും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അവിടുന്നരുളി:
ان الله لا ينظر الى صوركم ولا الى الوانكم ولكن ينظر الى قلوبكم واعمالكم
(നിങ്ങളുടെ ആകൃതികളിലേക്കും വര്‍ണങ്ങളിലേക്കുമല്ല അല്ലാഹു നോക്കുന്നത്. പ്രത്യുത, അവന്‍ നോക്കുന്നത് നിങ്ങളുടെ ഹൃദയങ്ങളിലേക്കും കര്‍മങ്ങളിലേക്കുമത്രെ). '' (തഫ്‍ഹീമുല്‍ ഖുര്‍ആന്‍ 22:37 കുറിപ്പ് 73)
ചുരുക്കത്തില്‍ പ്രവര്‍ത്തനങ്ങളെ സ്വീകാര്യയോഗ്യമാക്കുന്നത് ചെയ്യുന്നവന്‍റെ മനസ്സിലുള്ള ചേതോവികാരം അടിസ്ഥനമാക്കിയാണ്. ഈ റജാഅ‌ , ഖൌഫ് മനോഭാവമാണ്‌ പ്രാര്‍ത്ഥനാഭാവം എന്ന് വിളിക്കപ്പെടുന്നത്.

17

അല്ലാഹു "ഹറാം" എന്ന് കല്‍പിച്ച ഒരു കാര്യം , "ഹലാല്‍ " ആണെന്ന് ഒരാള്‍ പറഞ്ഞാല്‍ എന്താണ്‌ അതിന്‍റെ പൊരുള്‍ ??

അല്ലാഹു ഹറാമാക്കിയ കാര്യം ഒരു പണ്ഡിതൻ ഹലാൽ ആണെന്ന് പറഞ്ഞാൽ, അത് ശരിയെന്ന് വിശ്വസിക്കുന്നവർ കരുതുന്നത് മുൻപ് ഹറാമെന്ന് പറഞ്ഞിരുന്ന കാര്യം ഇനി ചെയ്താൽ അതു മുഖാന്തിരം ദൈവകോപം ഉണ്ടാവില്ല എന്നാണ്. അയാൾ പറഞ്ഞത് ദൈവവചനമാണ്, ദൈവത്തിന്റെ ഇഷ്ടമാണ് എന്ന് വിശ്വാസികൾ കരുതുന്നു. അങ്ങിനെ ദൈവഹിതം പറയുന്ന പ്രവൃത്തിയാണ് ഹലാൽ ഹറാം (പാപവും-പുണ്യവും) നിശ്ചയിക്കൽ.

എന്നാൽ ഇവിടെ "അല്ലാഹുവിന്റെ നാമം" ഉച്ചരിക്കാത്ത മാംസം കഴിക്കുന്നത് "ദൈവകോപത്തിന് കാരണമാകുമെന്ന് (ഹറാം) പ്രവാചകനും, അല്ല അത് ദൈവകോപത്തിന് കാരണമാകില്ല എന്ന് എതിരാളികളും" വാദിച്ചു. ആ മാംസം ഹലാൽ എന്ന് എതിരാളികൾ പറഞ്ഞത് "ദൈവം അത് വിലക്കിയതല്ല" എന്ന് ദൈവത്തിന്റെ പേരിലായിരുന്നു. ഹലാൽ-ഹറാം പ്രശ്‌നം അല്ലാഹുവിന്റെ അഭൌതികമായ രക്ഷയും ശിക്ഷയുമായി ബന്ധപ്പെട്ടതാണ്. അങ്ങിനെ ദൈവത്തിന്റെ പേരിൽ കല്പിക്കാനും വിലക്കാനും (പാപവും പുണ്യവും നിശ്ചയിക്കാൻ) അധികാരമുള്ളവരെന്ന് ചിലരെപറ്റി കരുതൽ ശിർക്കാണ്. ചിലർ ദൈവത്തിന്റെ പേരിൽ കൽ‌പ്പിക്കുന്നതിനെ ജനങ്ങൾ സ്വീകരിക്കുന്നത് അവരുടെ കല്പനകൾ "ദൈവഹിതം" തന്നെ എന്ന് വിശ്വസിച്ചിട്ടാണ്. അവരിലൂടെ ദൈവഹിതം അറിയുന്നു എന്ന വിശാസം ആണ് അത്തരക്കാരെ അനുസരിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്.

18

പ്രബോധനത്തിലെ വരികള്‍ കടമെടുത്ത് വിശദീകരിച്ചാല്‍ , അത് ഇപ്രകാരമായിരിക്കും.

"ഇന്ദിരാ ഗാന്ധി അനുവദിക്കുന്നതെന്തും ഹലാലും, വിലക്കുന്നതെന്തും ഹറാമുമാണെന്ന്" ഇവിടത്തെ മുസ്ലിംകളെന്നല്ല അമുസ്ലിംകള്‍ പോലും വിശ്വസിക്കുന്നില്ല" എന്നു പറഞ്ഞാല്‍ എന്താണ്‌ അതിനര്‍ത്ഥം?
ഇന്ദിരാ ഗാന്ധി അനുവദിക്കുന്നതും വിലക്കുന്നതുമായിരുന്നല്ലോ അവര്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഇന്ത്യയിലെ "രാഷ്ട്രീയ ഭരണ നിയമം". പിന്നെ എന്തു കൊണ്ട് അത് ഹലാലും ഹറാമുമല്ല എന്ന് ജമാഅത്തുകാര്‍ പറഞ്ഞു?. അതില്‍ നിന്ന് തന്നെ വ്യക്തമാണ്‌ ഹറാം എന്നാല്‍ ഭരണാധികാരി വിലക്കിയത് എന്നല്ല, അല്ലാഹു വിലക്കിയത് എന്നാണ്‌ അര്‍ഥം എന്ന്.

ഇ.എം.എസ് മദ്യം അനുവദനീയമാക്കിയതിനാല്‍ അത് ഹലാലായി മുസ്ലിംകള്‍ കരുതുന്നില്ല എന്ന് ജമാഅത്ത് മുഖപത്രം എഴുതിയിരുന്നു. എന്താണ്‌ അതിനര്‍ത്ഥം?? ഇ.എം.എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മദ്യം അനുവദനീയമെന്ന "ഭരണ നിയമം" ഇവിടെ നടപ്പിലായിരുന്നല്ലോ. ഭരണകൂടം അനുവദിക്കുന്നതാണ്‌ ഹലാല്‍ എങ്കില്‍ , കേരള ഭരണകൂടം അനുവദിച്ച മദ്യം ഇസ്ലാമിക സാങ്കേതികമായി "ഹലാല്‍" ആകേണ്ടതല്ലേ?? പിന്നെ എന്താണ്‌ ജമാഅത്തുകാര്‍ അത് ഹലാല്‍ ആയി മുസ്ലിംകളാരും കരുതുന്നില്ല എന്ന് പറഞ്ഞത്??? ചില ജമാഅത്തുകാരുണ്ട്, അവര്‍ പറയും ഞാന്‍ അനുസരിക്കേണ്ടത് അല്ലാഹുവിനെയല്ല, ഇ.എം.എസിനെയാണ്‌ എന്ന് വിശ്വസിക്കുന്നവര്‍ക്കാണ്‌ അത് ഹലാലാവുക എന്ന്. അല്ലാഹു വിലക്കാത്തത് ആണ്‌ ഹലാല്‍ ,. ഞാന്‍ അല്ലാഹുവിനെയല്ല അനുസരിക്കേണ്ടത് -അല്ലാഹു എന്തു പറഞ്ഞാലും എനിക്കത് ഒരു പ്രശ്നമല്ല എന്ന് കരുതുന്നവന്‌ , പിന്നെ എന്ത് പരിഗണയാണ്‌ അല്ലാഹു വിലക്കാത്തത് എന്ന കാര്യത്തില്‍ ??
അതുകൊണ്ട് നമുക്ക് അറിയേണ്ടത് ഒരു മുസ്ലിം ഇ.എം.എസ് അനുവദിച്ചതിനാല്‍ മദ്യം "ഹലാല്‍ " ആയി എന്ന് കരുതുന്നുവെങ്കില്‍ , അയാള്‍ക്ക് ഇ.എംഎസിനെ പറ്റിയുള്ള ധാരണ എന്തായിരിക്കും. ???
ജമാഅത്തുകാര്‍ എഴുതിയ പോലെ ഇ.എം.എസ് അനുവദിച്ചാലും ഇല്ലെങ്കിലും മദ്യം "ഹറാം" തന്നെ എന്ന് കരുതുന്നവര്‍ക്ക്, ഇ.എം.എസിന്‍റെ നിയമത്തെ പറ്റിയുള്ള ധാരണ എന്തായിരിക്കും ???
ഇന്ത്യാ സര്‍ക്കാര്‍ മദ്യപാനം കുറ്റകരമായി കാണുന്നില്ല, വിലക്കിയിട്ടില്ല. ഇസ്ലാം അത് "ഹറാം" എന്ന് വിധിച്ചിരിക്കുന്നു. ഒരാള്‍ മദ്യപിച്ചാല്‍ 6:121 ന്‍റെ വെളിച്ചത്തില്‍ അയാള്‍ മുശ്‍രിക്കാണോ? അല്ലാഹു വിലക്കിയ മാംസം "ശൈതാന്‍റെ കൂട്ടാളികളെ" അനുസരിച്ച് തിന്നത് ശിര്‍ക്ക്. അപ്പോള്‍ അല്ലാഹു വിലക്കിയ മദ്യം സര്‍ക്കാരിനെയും, ദേഹേച്ഛയേയും, പിശാചിനെയും അനുസരിച്ച് കുടിച്ച ആളും മുശ്‍രിക്ക് അല്ലേ??? അതല്ല, ഹറാം പ്രവര്‍ത്തിച്ച പാപിയോ?

ഞാന്‍ അനുസരിക്കേണ്ടത് അല്ലാഹുവിന്‍റെ മദ്യ നിയമമല്ല, സര്‍ക്കാരിന്‍റെതാണ്‌. അല്ലാഹുവിന്‍റെ മദ്യ നിരോധനത്തെ ഞാന്‍ പരിഗണിക്കുന്നേയില്ല എന്നൊന്നും വിചാരിച്ചല്ല അയാള്‍ കുടിച്ചത്. കുടിക്കണമെന്ന് തോന്നി കുടിച്ചു, പക്ഷേ അയാള്‍ക്കറിയാം മദ്യം രാഷ്ട്രനിയമ പ്രകാരം വിരോധമില്ലാത്തതും മതനിയമപ്രകാരം ഹറാമുമാണെന്ന്. സൂറ 6:121 ന്‍റെ വെളിച്ചത്തില്‍ അയാള്‍ മുശ്രിക്കോ, പാപിയോ ??

മാംസഭോജനവും മദ്യപാനവുമെല്ലാം ശിര്‍ക്ക് ആയിത്തീരുന്നത് അത് "അനുവദനീയമാണെന്ന വിശ്വാസത്തോടെ" എന്ന നിബന്ധന അതില്‍ വരുമ്പോഴാണ്‌. അതാണ്‌ പണ്ഠിതര്‍ ഇപ്രകാരം എഴുതിയത്. (ത്വബ്‍രി ഉദ്ധരണി - കെ സി)
""തഫ്സീറുത്തബ്‍രി.
......ശവവും അല്ലാഹു നിരോധിച്ച മറ്റു വസ്തുക്കളും ഭക്ഷിക്കുന്നതിൽ നിങ്ങൾ അവരെ അനുസരിക്കുകയാണെങ്കിൽ നിങ്ങളും മുശ്രിക്കുകൾ തന്നെ. അതായത് അക്കൂട്ടർ ഹലാലെന്നു കരുതി ശവം തിന്നുന്നു. അങ്ങനെ കരുതി നിങ്ങൾ തിന്നാൽ അവരെപ്പോലെ നിങ്ങളും മുശ്-രിക്കായി"...........
ഇബ്നു ജരീർ ത്വബ്രിയുടെ വ്യാഖ്യാനം നേരത്തെ നാം കണ്ടല്ലോ. استحلال (അനുവദനീയമെന്ന വിശ്വാസത്തോടെ) എന്നതാണിതിലെ മർമ്മം....."
(ഉദ്ദരണം : ഇബാദത്ത് ഒരു സമഗ്ര പഠനം, പേജ് 274,277)

19

ഹറാം എന്നാല്‍ ഭൂരിപക്ഷത്തിന് ഇഷ്ടമില്ലാത്തത്, നാടുവാഴിക്ക് ഇഷ്ടമില്ലാത്തത്, അല്ലെങ്കിൽ മറ്റേതെങ്കിലും മനുഷ്യർക്ക് ഇഷ്ടമില്ലാത്തത് എന്നാണോ?? അല്ല. അതിനെ മം‌മ്‌നൂഅ് എന്നാണ് പറയുന്നത്. " മം‌മ്‌നൂഅ് ദ്ദുഖൂൽ" എന്ന് ബോർഡ് എഴുതി ഓഫീസിന്റെ ഒരു മുറിക്ക് മുമ്പിൽ വച്ചാൽ അതിനർത്ഥം "പ്രവേശനം ഹറാം (പാപം) " എന്നല്ല. മറിച്ച് ആ ഓഫീസിന്റെ ഉത്തരവാദി ആ മുറിയിൽ കയറുന്നതിൽ നിന്ന് നിങ്ങളെ വിലക്കുന്നുന്നു എന്ന് മാത്രമാണ്. ആ മുറിയിൽ പ്രവേശിച്ചാൽ, കടന്നു എന്ന ഹറാം പ്രവൃത്തിച്ചു എന്ന് അത് അർഥമാക്കുന്നില്ല.
അലാഹുവിന്റെ അഭൌതികമായ പ്രീതിയും, കോപത്തിന് കാരണവുമാകുന്ന കാര്യങ്ങളാണ് ഹലാൽ ഹറാമുകൾ.
"അല്ലാഹുവിന്റെ നാമം" ഉച്ചരിക്കാത്ത മാംസം കഴിച്ചാൽ അത് ആരോഗ്യ പ്രശ്‌നമുണ്ടാക്കുമെന്നായിരുന്നു തർക്കമെങ്കിൽ അതിൽ "അഭൌതികത" വരുമായിരുന്നില്ല. എന്നാൽ ഇവിടെ "അല്ലാഹുവിന്റെ നാമം" ഉച്ചരിക്കാത്ത മാംസം കഴിക്കുന്നത് "ദൈവകോപത്തിന് കാരണമാകുമെന്ന് (ഹറാം) പ്രവാചകനും, അല്ല അത് ദൈവകോപത്തിന് കാരണമാകില്ല (ഹലാൽ) എന്ന് എതിരാളികളും" വാദിച്ചു. ഇതിൽ അഭൌതികത കാണാൻ കഴിയുന്നില്ലേ?
ഒരാള്‍ക്ക് "ഹലാല്‍ -ഹറാം" (ദൈവ ഹിതവും അഹിതവും) കല്‍പ്പിക്കാന്‍ അധികാരമുണ്ട് എന്ന് വിശ്വസിക്കുന്ന ജനങ്ങള്‍ , അത്തരക്കാരെക്കുറിച്ച് ദൈവഹിതം അറിയുന്നവര്‍ എന്ന് വിശ്വസിക്കുന്നുണ്ട്.
ഈ 21ആം നൂറ്റാണ്ടിലും ആ വിശ്വാസം നമുക്ക് ചുറ്റും ജീവിക്കുന്നവരിലുണ്ട്. ശ്രീ പദ്‍മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിയുടെ കണക്കെടുത്തതിനെ പറ്റിയുള്ള "ദൈവത്തിന്‍റെ അഭിപ്രായം " അറിയല്‍ അഥവാ 'ദേവപ്രശ്നം' 2011 ആഗസ്റ്റിനാണ്‌ നടന്നത്. അത് നടത്തിയ ദൈവഹിതമറിയുന്നവരെന്ന് സമൂഹം വിശ്വസിക്കുന്ന "ദൈവജ്ഞര്‍" പറഞ്ഞത് "നിധി പരിശോധിച്ചത് ദൈവത്തിന്‌ ഇഷ്ടമായിട്ടില്ല" എന്നാണ്‌. പത്രങ്ങളില്‍ വന്ന തലവാചകം തന്നെ "Gods show displeasure ......." എന്നായിരുന്നു,.
ഈ വാര്‍ത്ത വായിക്കുക.
After SC, now Gods will decide on Padmanabha treasure trove-Sunday, August 7, 2011,
Thiruvananthapuram, Aug 7: After the Supreme Court pronounced its verdict on the now-famous Sri Padmanabhaswamy temple in Kerala, a devaprashnam (an astrological ritual to ascertain 'divine impressions') is intended to be conducted in the temple to understand the Padmanabha's (Lord Vishnu) views on the assessing of the massive treasure trove that has emerged from within it. http://news.oneindia.in/2011/08/07/padmanabhaswamy-temple-awaits-gods-judgment.html

Gods show displeasure at temple vault opening at Padmanabha-Tuesday, August 9, 2011
http://news.oneindia.in/2011/08/09/gods-show-displeasure-at-kerala-temple-vault-opening.html

...After the SC judgment, that set up a team to assess and evaluate the massive riches that emerged out of the vaults within the temple, the temple trust and Uthradam Thirunal Marthanda Verma have sought to ascertain the 'decision of the Gods' on the opening of the vault and evaluating the treasure trove. ...

എന്താണ്‌ ഇവിടെ സംഭവിച്ചത്? ദൈവത്തിന്‍റെ പേരില്‍ ദൈവത്തിന്‍റെ ഹിതവും അഹിതവും ചില മനുഷ്യര്‍ കല്‍പ്പിക്കുന്നു. ജനങ്ങള്‍ അവരെപറ്റി ദൈവഹിതം അറിയുന്നവരെന്ന് വിശ്വസിക്കുകയും, ആ കല്‍പനകള്‍ ദൈവ കല്‍പനകളായി ശിരസ്സാവഹിക്കുകയും ചെയ്യുന്നു.
ഏത് വഴിക്കാണ്‌ മറ്റുള്ളവര്‍ക്ക് കിട്ടാത്ത, ദൈവജ്ഞര്‍ക്ക് മാത്രം കിട്ടുന്ന, ദൈവഹിത അറിയല്‍ ??? അത് അഭൌതികതയാണ്‌.

ശ്രീ പദ്‍മനാഭസ്വാമി ക്ഷേത്രത്തില്‍ നടന്ന "ദേവപ്രശ്നം" ഒരു തട്ടിപ്പാണ്‌ എന്ന് വി.എസ്. അച്ചുതനന്ദന്‍ പറഞ്ഞു.

''കോടതികളെ ഭയപ്പെടുത്താന്‍ ജ്യോത്സ്യന്മാരെ ഉപയോഗിക്കുന്നു: വി എസ്
സ്വന്തം ലേഖിക
Posted on: 14-Aug-2011 10:50 PM
http://www.deshabhimani.com/newscontent.php?id=48909
തൃശൂര്‍ : കോടതികളെയും ഭയപ്പെടുത്താന്‍ ജ്യോത്സ്യന്മാരെ ഉപയോഗിക്കുന്ന നാടായി കേരളം മാറിയെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. വിശ്വാസത്തെ അധീശശക്തികള്‍ക്ക് എങ്ങിനെ വിനിയോഗിക്കാനാവുമെന്നതിന്റെ തെളിവാണ് ദൈവജ്ഞന്മാര്‍ എന്ന് വിശ്വസിക്കുന്ന ചിലരെ ഉപയോഗിച്ച് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന നാടകം. സുപ്രീംകോടതി വിധി തങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യത്തിനെതിരാണെന്ന് കണ്ടാല്‍ പ്രശ്നംവയ്ക്കുകയും നിലവറ തുറക്കുന്നവന്റെ വംശം മുടിഞ്ഞുപോകുമെന്ന് പറയുന്നതും ഗൂഢാലോചനയാണ്. കേരള പത്രപ്രവര്‍ത്തകയൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരവുമായി ബന്ധപ്പെട്ട് അന്ധവിശ്വാസ പ്രചാരണവും നാടുവാഴിത്ത സംസ്കാരപ്രീണനവും നടക്കുന്നു. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് കാലത്തിന് ചേര്‍ന്നതല്ല. പത്രപ്രവര്‍ത്തകര്‍ അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും പ്രചാരകരാകുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണം. ''

പക്ഷേ, വി എസിന്‍റെ ഈ വാദം വിശ്വാസി സമൂഹത്തിലെ ഒരാളും വിശ്വസിക്കില്ല. കാരണം ദൈവജ്ഞര്‍ ദൈവഹിതം അറിയുന്നവരും, വി.എസ് അത് അറിയാത്തവനുമാണ്‌.

ഇതൊരു സങ്കീര്‍ണ്ണവിഷയമേ അല്ല. പക്ഷേ ഇത് സരളമായി ജനങ്ങള്‍ മനസ്സിലാക്കരുത് എന്ന് ജമാഅത്തുകാര്‍ക്ക് വലിയ നിര്‍ബന്ധമുള്ളത് കൊണ്ട് അവരെക്കൊണ്ടാകും പോലെ സങ്കീര്‍ണ്ണമാക്കുന്നുവെന്ന് മാത്രം. എത്ര വക്രീകരിച്ചാലും സുമനസ്സുകള്‍ക്ക് കാര്യം തിരിയാന്‍ ഈ വിശദീകരണം ധാരളമെന്ന് കരുതുന്നു.

20
 
മറ്റൊരു പ്രധാന വിഷയം,അന്‍ആം 6:121 ല്‍ പരാമര്‍ശിക്കപ്പെട്ട തർക്കം, അല്ലാഹു യഥാർത്ഥത്തിൽ വിലക്കിയത് എന്ത് എന്നതായിരുന്നു. നേരെ മറിച്ച്, അല്ലാഹു എന്തും പറയട്ടെ ഞങ്ങൾക്ക് പിശാചിന്റെ ടീം മതി എന്ന ധാരണ ഇരുകൂട്ടര്‍ക്കും ഉണ്ടായിരുന്നില്ല.

ഞാൻ അനുസരിക്കേണ്ടത് അല്ലാഹുവിന്റെ കല്പന അല്ല, പിശാചിന്റെതാണ്, അല്ലാഹു എന്ത് കല്പിക്കുന്നു എന്ന് ഞാൻ ചിന്തിക്കുന്നേയില്ല എന്ന വിശ്വാസത്തോടെ അനുസരിച്ചാലേ ശിർക്കാകൂ എന്നാണ് ജാമാ‌അത്ത് ഭാഷ്യം. അത്തരം ഒരു വിശ്വാസം അവിടെ ആർക്കും ഉണ്ടായിരുന്നില്ല. അവർ തർക്കിച്ചത് അല്ലാഹു എന്താണ് "ആ മാസഭോജനത്തെ" സംബന്ധിച്ച് വിധിച്ചത് എന്നായിരുന്നു. മുഹമ്മദ് നബി ഹറാമെന്ന് പറഞ്ഞു, എതിരാളികൾ പറഞ്ഞു മുഹമ്മദ് പറഞ്ഞതല്ല ശരി ഞങ്ങൾ പറയുന്നതാണ്, ആ മാംസം ദൈവം വിലക്കിയതല്ല എന്ന്.
ചുരുക്കത്തില്‍
1 - അതിലെ വിഷയം "ഹലാൽ-ഹറാം" നിശ്ചയിക്കലാണ്.
2- "ഹലാൽ-ഹറാം" നിശ്ചയിക്കലിന്റെ അടിസ്ഥാനം അഭൌതികത തന്നെയാണ്. പരലോകശിക്ഷയും, ദൈവകോപവുമാണ് അതിലെ വിഷയം. സർക്കാരിന്റെ ഫൈൻ പേടി അല്ല ഹലാൽ ഹറാമിന്റെ അടിസ്ഥാനം.

21

മുശ്രിക്കുകള്‍ ശവം തിന്നല്‍ ഹലാല്‍ ആണ് എന്ന് വാദിച്ചപ്പോള്‍ അത് "ദൈവം കല്പിച്ചതാണ്" എന്ന് അവര്‍ കരുതിയിരുന്നുവോ?

""തഫ്സീറുത്തബ്‍രി.
......ശവവും അല്ലാഹു നിരോധിച്ച മറ്റു വസ്തുക്കളും ഭക്ഷിക്കുന്നതിൽ നിങ്ങൾ അവരെ അനുസരിക്കുകയാണെങ്കിൽ നിങ്ങളും മുശ്രിക്കുകൾ തന്നെ. അതായത് അക്കൂട്ടർ ഹലാലെന്നു കരുതി ശവം തിന്നുന്നു. അങ്ങനെ കരുതി നിങ്ങൾ തിന്നാൽ അവരെപ്പോലെ നിങ്ങളും മുശ്-രിക്കായി"...........
ഇബ്നു ജരീർ ത്വബ്രിയുടെ വ്യാഖ്യാനം നേരത്തെ നാം കണ്ടല്ലോ. استحلال (അനുവദനീയമെന്ന വിശ്വാസത്തോടെ) എന്നതാണിതിലെ മർമ്മം....."
(ഉദ്ദരണം : ഇബാദത്ത് ഒരു സമഗ്ര പഠനം, പേജ് 274,277)

"استحلال (അനുവദനീയമെന്ന വിശ്വാസത്തോടെ) എന്നതാണിതിലെ മർമ്മം"

ഹലാൽ എന്നാൽ ദൈവം അനുവദിച്ചത് എന്നാണല്ലോ അർഥം.

"ഹലാലെന്നു കരുതി." എന്നു പറഞ്ഞാൽ "ദൈവം കല്പിച്ചതാണ്" എന്ന് കരുതി അല്ലെങ്കിൽ വിശ്വസിച്ചു എന്നർഥം.

നിങ്ങൾ തിന്നാൽ എന്നതിലെ "നിങ്ങൾ" സഹാബികളുമാണ്.

"അതായത് അക്കൂട്ടർ ഹലാലെന്നു കരുതി ശവം തിന്നുന്നു. അങ്ങനെ കരുതി നിങ്ങൾ തിന്നാൽ അവരെപ്പോലെ നിങ്ങളും മുശ്-രിക്കായി"

സൂറ അന്‍ആം 6:121 ലെ മാംസ്ഭോജനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഭൌതിക കണാന്‍ ജമാ‍അത്തു സുഹൃത്തുക്കള്‍ക്ക് കഴിയാറില്ല. എങ്ങിനെയും അത് മറ്റുള്ളവര്‍ക്ക് മനസ്സിലാകാന്‍ ഇടയാകരുത് എന്ന നിലക്ക് സങ്കീര്‍ണ്ണമാക്കുകയാണ്‌ രീതി. എന്നാല്‍ അവര്‍ ആ വചനത്തിലൂടെ നിരൂപിക്കുന്നതെന്ത്?

22
 
വിമര്‍ശക വീക്ഷണത്തില്‍ എങ്ങിനെയായിരിക്കും 6:121 ലെ ശിര്‍ക്ക്
"..ഞാന്‍ വിധേയത്വം കാണിക്കേണ്ടത്‌ എന്റെ പാര്‍ട്ടി നേതാവിന്നാണ്‌, ദൈവത്തിനോ മറ്റു വല്ലതിനോ അല്ല. പാര്‍ട്ടി നേതാവിനു മേലെ മറ്റാര്‍ക്കും ഞാനത്‌ചെയ്യുകയില്ല. ഇവിടെ പാര്‍ട്ടി നേതാവ്‌ ഇലാഹും വിധേയത്വത്തിന്റെ പ്രകടനങ്ങള്‍അതിനുള്ള ഇബാദത്തുമാകുന്നു. അല്ലാഹുവിനുള്ള വിധേയത്വത്തിനു വിധേയമായേ പാര്‍ട്ടി നേതാവിനു വിധേയത്വം കാണിക്കൂ എന്നാണെങ്കില്‍അവിടെ നേതാവ്‌ ഇലാഹല്ല; വിധേയത്വ പ്രകടനങ്ങള്‍ ഇബാദത്തുമല്ല. മനുഷ്യന്‍ തന്റെ ജീവിതത്തെ പരമമായി ഏതു ശക്തിക്ക്‌ വിട്ടുകൊടുക്കുന്നുവോ ആ ശക്തി അവന്റെ ഇലാഹും വിട്ടുകൊടുക്കലിന്റെ പ്രകടനങ്ങള്‍അതിനുള്ള ഇബാദത്തുമാകുന്നുവെന്നു ചുരുക്കം. .." (പേ 306 ഇബാദത്ത്‌ഒരു സമഗ്രപഠനം)

"അല്ലാഹുവിന്‍റെ കല്‍പന ഞാന്‍പരിഗണിക്കുന്നില്ല. പകരം ഇന്ന സൃഷ്ടിയുടെ കല്‍പനയാണ്‌അനുസരിക്കേണ്ടതെന്ന് ഞാന്‍മനസ്സിലാക്കുന്നു. ഞാന്‍അതാണ്‌അനുസരിക്കുന്നത്. അത് അല്ലാഹുവിന്‍റെ കല്‍പനക്ക് വിരുദ്ധമായാലും; ഈ മനോഭാവത്തോടെയാണ്‌അഥവാ അല്ലാഹുവെ ബോധപൂര്‍വ്വം ധിക്കരിച്ചാണ്‌ ഒരാള്‍അല്ലാഹു അല്ലാത്തവരെ അനുസരിക്കുന്നതെങ്കില്‍ആ അനുസരണം ഇബാദത്തും ശിര്‍ക്കുമാണ്‌." (പേ 128 ഇബാദത്ത് സമഗ്ര പഠനം)

ഈ വചനത്തെ മുൻ നിർത്തി പഠിച്ചാൽ സഹാബത്തിനോട് അല്ലാഹു താക്കീത് ചെയ്ത ശിർക്ക് ഇപ്രകാരം നടക്കാനിടവന്നിരിക്കണം.
''അല്ലാഹുവിന്‍റെ കല്‍പന ഞങ്ങൾ (സഹാബത്ത്) പരിഗണിക്കുന്നില്ല. പകരം പിശാചിന്റെയും സഖാക്കളുടെയും കല്‍പനയാണ്‌ അനുസരിക്കേണ്ടതെന്ന് ഞങ്ങൾ (സഹാബത്ത്) മനസ്സിലാക്കുന്നു. ഞങ്ങൾ (സഹാബത്ത്) അതാണ്‌ അനുസരിക്കുന്നത്. അത് അല്ലാഹുവിന്‍റെ കല്‍പനക്ക് വിരുദ്ധമായാലും; ഈ മനോഭാവത്തോടെയാണ്‌ അഥവാ അല്ലാഹുവെ ബോധപൂര്‍വ്വം ധിക്കരിച്ചാണ്‌ സഹാബത്ത് അല്ലാഹു അല്ലാത്തവരെ അനുസരിക്കുന്നതെങ്കില്‍ ; ആ അനുസരണം ഇബാദത്തും ശിര്‍ക്കുമാണ്‌."

ഇങ്ങനെയൊരു വാദം ഇവര്‍ക്ക് തന്നെ ഉണ്ടാകില്ലെന്ന് കരുതുന്നു. മേല്‍ നിര്‍വ്വചനം കൊണ്ട് ചെന്നെത്തിക്കുന്നത് ഇവിടെയായിരിക്കും എന്ന് സൂചിപ്പിക്കാനായി മാത്രമാണ്‌ മേല്‍ വാചകങ്ങള്‍ എഴുതിയത്.

നേര്‍ക്കുനേരെ മനസ്സിലാക്കാവുന്നതും ഉള്‍ക്കൊള്ളാവുന്നതുമായ ഹറം-ഹലാലിന്‍റെ അഭൌതിക മാനം ദഹിക്കാത്തവര്‍ , "വളരെ നന്നായി ദഹിക്കുന്ന" വിശദീകരണം തന്നെയാണ്‌ സ്വയം കണ്ടെത്തിയിരിക്കുന്നത്. !!!

23
മുശ്രിക്കുകള്‍ അല്ലാഹുവിന്‍റെ ഇഷ്ടം പരിഗണിക്കുന്നവര്‍ ആയിരുന്നുവോ??
ഇതിന്‌ ഉത്തരമായി ആദ്യം മക്കക്കാരുടെ വിശ്വാസം മനസ്സില്ലാക്കേണ്ടതുണ്ട്. അവര്‍ മുഹമ്മദ് നബി (സ) വിശ്വസിച്ചിരുന്ന അതേ അല്ലാഹുവില്‍ തന്നെയാണ്‌ വിശ്വസിച്ചിരുന്നത്.

1- മുഹമ്മദ് നബിയുടെ പിതാവിന്‍റെ പേര്‌ നമുക്കൊക്കെ അറിയാം. അത് അബ്‍ദുള്ള എന്നായിരുന്നു. എന്താണ്‌ അബ്‍ദുള്ള ? അല്ലാഹുവിന്‍റെ അടിമ. അല്ലാഹുവെ പരിഗണിക്കാത്ത സമൂഹം അല്ലാഹുവിന്‍റെ അടിമ എന്ന് പേര്‌ ഇടില്ലല്ലോ. കാളിയെ വിശ്വസിക്കാത്ത മാതാപിതാക്കള്‍ മക്കള്‍ക്ക് കാളിദാസനെന്ന് പേര്‍ നല്‍കില്ലല്ലോ. യേശു ദൈവമാണെന്ന് കരുതുന്ന സമൂഹമാണല്ലോ മക്കള്‍ക്ക് യേശുദാസന്‍ എന്ന് പേരിടുന്നത്. അത് പോലെ തന്നെയാണ്‌ മക്കക്കാരുടെ കാര്യവും. അവര്‍ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നു, പല വൈകല്യങ്ങളും നമ്മുടെ ദൃഷ്ടിയില്‍ ഉണ്ടെങ്കില്‍ പോലും. നമ്മള്‍ വിശ്വാസ വൈകല്യങ്ങള്‍ എന്ന് കരുതുന്നവ, അവരെ സംബന്ധിച്ച് അവരോട് അല്ലാഹു കല്‍പിച്ചിട്ട് പൂര്‍വ്വികരായി അനുഷ്ടിച്ചുവരുന്ന ആചാരങ്ങളായാണ്‌ അവര്‍ കരുതിയിരുന്നത്.

2-ബദര്‍ യുദ്ധത്തിന് മുമ്പ് ഇസ്ലാമിന്‍റെ കൊടിയ ശത്രുവായ, ഖുര്‍ആനില്‍ ശപിച്ച് പറഞ്ഞ, അബൂജഹ്‍ല്‍ അല്ലാഹുവോട് പ്രാര്‍ത്ഥിച്ചതായി കാണാം. അതിപ്രകാരം വായിക്കാം.

സൂറ അന്‍ഫാല്‍ 8:19 ന്‍റെ വ്യാഖ്യാനക്കുറിപ്പ് 15." ഖുറൈശികള്‍ മക്കയില്‍നിന്ന് പുറപ്പെടുമ്പോള്‍ കഅ്ബയുടെ മൂടുപടം പിടിച്ച് ഇങ്ങനെ പ്രാര്‍ഥിച്ചിരുന്നു: "അല്ലാഹുവേ! രണ്ടു വിഭാഗങ്ങളില്‍ ആരാണോ ഉത്തമന്മാര്‍ അവരെ വിജയിപ്പിച്ചാലും!`` അബൂജഹ്ല്‍ പ്രത്യേകിച്ചും പ്രാര്‍ഥിച്ചു: "രക്ഷിതാവേ! ഞങ്ങളില്‍ സത്യവാദികളാരോ അവരെ വിജയിപ്പിക്കുകയും അക്രമികളെ തോല്‍പിച്ചു അപമാനിതരാക്കുകയും ചെയ്താലും!`` അവരുടെ നാക്കില്‍നിന്ന് വന്ന പ്രാര്‍ഥന അല്ലാഹു അക്ഷരാര്‍ഥത്തില്‍ പൂര്‍ത്തീകരിക്കുകയും ഉത്തമന്മാരും സത്യവാദികളും ആരെന്ന് വേര്‍തിരിച്ച് കാണിച്ചുകൊടുക്കുകയും ചെയ്തു." (തഫ്‍ഹീമുല്‍ ഖുര്‍ആന്‍)}

3-ഹുദൈബിയാ സന്ധിയില്‍ കരാറിന്‌ മേലെ "ബിസ്മില്ലാഹി റഹ്‍മാനി റഹീം" എന്ന് എഴുതാന്‍ മുഹമ്മദ് നബി ആവശ്യപ്പെട്ടപ്പോള്‍ അവര്‍ തിരുത്തി എഴുതിച്ചത് "ബിസ്മികല്ലാഹുമ്മ" എന്നായിരുന്നു. അല്ലാഹുവോട് അടുപ്പിക്കാന്‍ ശുപാര്‍ശകരെ സ്വീകരിച്ചുവെന്ന് മാത്രം. (സുമര്‍ 39:3)

4-അവര്‍ കപ്പലില്‍ കടലില്‍ അകപ്പെട്ടാല്‍ അല്ലാഹുവോട് മാത്രമായിരുന്നു പ്രാര്‍ത്ഥിച്ചിരുന്നത് അന്‍കബൂത്ത് 29: 65

5- ബലിമൃഗങ്ങളെ അവര്‍ പല നിലക്കും നിശ്‍ചയിച്ചത് അത് ദൈവകല്‍പനയാണ്‌ എന്ന നിലക്കായിരുന്നു. അന്‍ആം 6:138

6- ഞങ്ങളാണ്‌ ഇബ്രാഹീമിന്‍റെ പിന്മുറക്കാര്‍ , മുഹമ്മദല്ല എന്നായിരുന്നു അവരുടെ അവകാശവാദം. (നഹ്‍ല്‍ 16: 120,123)

7- ക‍അ‌‍ബ നഗ്നരായി ത്വവാഫ് ചെയ്തത് അല്ലാഹു കല്‍പിച്ചത് അപ്രകാരമാണ്‌ എന്ന് വാദിച്ചു കൊണ്ടായിരുന്നു.

"`ഞങ്ങളുടെ പൂര്‍വികന്മാരെ ഞങ്ങള്‍ ഇങ്ങനെയാണ് കണ്ടിട്ടുള്ളത്. ഇവ്വിധം പ്രവര്‍ത്തിക്കാന്‍ അല്ലാഹുതന്നെ ഞങ്ങളോടു കല്‍പിച്ചിട്ടുമുണ്ട്."(വി.ഖു 7:28)

"അറബികള്‍ നഗ്നരായി കഅ്ബാ പ്രദക്ഷിണം ചെയ്തിരുന്നതാണ് സൂചിപ്പിക്കുന്നത്. അതേപ്പറ്റി നേരത്തെ പറഞ്ഞിട്ടുണ്ട്. അതൊരു ദൈവശാസനയും മതചടങ്ങുമായിട്ടാണ് അവര്‍ കണക്കാക്കിയിരുന്നത്."(തഫ്ഹീം 7:28 വ്യാഖ്യാനം, 17)

" നഗ്നത അശ്ളീലവും ലജ്ജാകരവുമാണെന്ന് മനസ്സിലാക്കിയിട്ടും ആരാധനാവേളയില്‍ അറബികള്‍ അതൊരു മതചടങ്ങായി ആചരിച്ചുവന്നിരുന്നത് തങ്ങളുടെ മതം ദൈവദത്തമാണെന്നും തന്മൂലം ഈ ആചാരം ദൈവനിര്‍ദിഷ്ടമാണെന്നും ധരിച്ചതുകൊണ്ടായിരുന്നു. " .(തഫ്ഹീം 7:28 വ്യാഖ്യാനം, 18)

ചുരുക്കത്തില്‍ "അല്ലാഹുവിന്‍റെ കല്‍പ്പന ഞങ്ങള്‍ പരിഗണിക്കുന്നില്ല, പകരം പിശാചിന്‍റെ കല്‍പ്പനയാണ് ഞങ്ങള്‍ അനുസരിക്കേണ്ടത്, അത് അല്ലാഹുവിന്‍റെ കല്‍പ്പനക്ക് വിരുദ്ധമായാലും അല്ലെങ്കിലും." എന്ന് വിശ്വസിച്ചിട്ടല്ല അവര്‍ ശിര്‍ക്ക് പരമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്നത്.

24
"പിശാചിന്‍റെ കൂട്ടാളികള്‍ " എന്ത് സംശയം കുത്തിവെക്കാനാണ് ശ്രമിച്ചത് ??
ആ മാംസം ഹറാം ആണോ, അത് ഹലാൽ അല്ലേ എന്ന സംശയം.

"അതായത് അക്കൂട്ടർ ഹലാലെന്നു കരുതി ശവം തിന്നുന്നു. അങ്ങനെ കരുതി നിങ്ങൾ തിന്നാൽ അവരെപ്പോലെ നിങ്ങളും മുശ്രിക്കായി"

അഭൌതികമായി ആരെയെങ്കിലും അനുസരിച്ചുവെന്നോ, പുരോഹിതരെ ആരാധിച്ചു എന്നതോ അല്ല ഇവിടെ വിഷയം. അവരുടെ അനുസരണത്തിന് പ്രേരണയായത് --അന്തര്‍ധാര - അഭൌതികതയുമായി ബന്ധപ്പെട്ട വിശ്വാസമാണ് എന്നത്രെ.

25
എന്തുകൊണ്ട് ജൂതരുടേയും കൃസ്‌ത്യാനികളൂടേയും പണ്ഡിതരെ അവര്‍ ചോദ്യം ചെയ്യാതെ അനുസരിക്കുന്നു? എന്ത് വിശ്വാസമാണ്‌ അതിന്‌ അവരെ പ്രേരിപ്പിക്കുന്നത്?
ജൂതരുടേയും കൃസ്‌ത്യാനികളൂടേയും പൌരോഹിത്യത്തെ സംബന്ധിച്ച വിശ്വാസം വളരെ വ്യക്തമായി അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി - "ശിര്‍ക്ക്‌ അഥവാ ബഹുദൈവത്വം" എന്ന പുസ്തകത്തില്‍ എഴുതിയത് കാണുക.

ജൂതരെ സംബന്ധിച്ച്‌-

"ദൈവഹിതമറിയാനുള്ള ഒരഭൌമ മാര്‍ഗ്ഗമായിരുന്നു അവരുടെ പക്കല്‍ പുരോഹിതര്‍ . അദ്ദേഹം ദേവാലയത്തിലെ പരിശുദ്ധ മന്ദിരത്തിന്റെ` ഉള്ളിലാണിരിക്കുക. അവിടെ ഒരു തിരശ്ശീല തൂക്കിയിട്ടിരിക്കും. തിരശ്ശീലക്കു പിറകില്‍ ന്യായപ്രമാണം അടക്കം ചെയ്‌ത പെട്ടകം വച്ചിരിക്കും. ദൈവം മതപുരോഹിതനു `രഹസ്യ ബോധനം നല്‍കുന്ന കേന്ദ്രനിലയമാണത്‌. അദ്ദേഹം അവിടെ നിന്ന്‌ `യഹോവയുടെ വിധികളെക്കുറിച്ച്‌ രഹസ്യ ബോധനം ലഭിച്ചതായി പ്രഖ്യാപിക്കും. അതെല്ലാവരും ശിരസ്സാ വഹിച്ചുകൊള്ളണം. അന്ധവിശ്വാസത്തിന്റേതായ ഈ വഴക്കം ജൂത സമുദായത്തെ അടക്കി ഭരിച്ചു പൊന്നു. ..നിയമ നിര്‍മ്മാണാവകാശം അടിസ്ഥാനപരമായി ദൈവത്തിന്റേതാണെന്നായിരുന്നു വെപ്പ്‌. പക്ഷെ, വിധി പ്രസ്‌താവിക്കാന്‍ പ്രയാസം തോന്നുന്ന പ്രശ്‌നങ്ങള്‍ വന്നാല്‍ പുരോഹിതന്‍ മുഖേന ദൈവഹിതമാരായല്‍ അവര്‍ക്കു നിര്‍ബന്ധമായിരുന്നു.....

ജൂതന്മാര്‍ പുരോഹിത മൊഴികളെ ദൈവവാക്യങ്ങളെപ്പോലെ സ്വീകരിച്ചു; പുരോഹിതനു അദൃശ്യമാര്‍ഗ്ഗേന മതനിയമങ്ങളറിയാന്‍ സാധിക്കുമെന്നും, അദ്ദേഹം `മഅ്‌സൂം പാപസുരക്ഷിതന്‍ ആണെന്നും അവര്‍ വിശ്വസിച്ചു. ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങളിലൂടെയും ദുരാചാരങ്ങളിലൂടെയുമാണ്‌ പുരോഹിതവൃന്ദം ജൂത സമുദായത്തിലെ റബ്ബുകളായിത്തീര്‍ന്നത്‌..``

ക്രൈസ്‌തവരെ സംബന്ധിച്ച്‌

."...പുണ്യവാളന്മാരായ പുരോഹിതര്‍ ഭൂലോകത്ത്‌ വിധിക്കുന്നത്‌ ആകാശലോകത്തെ തീരുമാനം. അവര്‍ ഭൂമിയില്‍ അംഗീകരിച്ചത്‌ ആകാശലോകത്ത്‌ അംഗീകൃതമായിക്കൊള്ളണം. പുരോഹിതന്മാരുടേ ജിഹ്വകള്‍ക്ക്‌ ദൈവത്തിന്റെ പ്രാതിനിധ്യമുണ്ട്‌. അവരിവിടെ വച്ച്‌ ഒരുത്തനു മാപ്പു നല്‍കിയാല്‍ ആകാശലോകത്തവനു മാപ്പ്‌ ലഭിക്കും. എന്നിങ്ങനെയുള്ള വിശ്വാസങ്ങള്‍ ക്രൈസ്‌തര്‍ വെച്ചു പുലര്‍ത്തി. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ `പുരോഹിതന്മാര്‍ ദൈവത്തിന്റെ നിയമങ്ങളനുസരിക്കുകയെന്നതിനു പകരം ദൈവം പുരോഹിതന്മാരുടെ കല്‍പനകള്‍ സ്വീകരിച്ചു കൊള്ളണം എന്നതു വരെയെത്തി അവരുടെ പുരോഹിത പൂജ."


മേല്‍ ഉദ്ധരണികളില്‍ നിന്നും പകല്‍ പോലെ വ്യക്തമാണ്‌, എന്തായിരുന്നു പണ്ഡിത പുരോഹിതന്മാരെ അനുസരിക്കാന്‍ ജൂത ക്രൈസ്‌തവരെ പ്രേരിപ്പിച്ച ഘടകമെന്ന്‌. ഇതില്‍ അഭൌതികതയും` ദിവ്യത്വവും` ദര്‍ശിക്കുന്നില്ലെങ്കില്‍ കാര്യം അദ്‌ഭുതം തന്നെ.

അനുസരണശിര്‍ക്കിന്‌ തെളിവ് പറയുന്ന സൂക്തങ്ങളില്‍ ആക്ഷേപവിധേയരായ ജൂതരുടെയും ക്രൈസ്‌തവരുടേയും ദൈവസങ്കല്‍പം എന്തായിരുന്നു?

യഹോവയെയാണ്‌ അനുസരിച്ച്‌ ജീവിക്കേണ്ടത്‌ എന്നു തന്നെയായിരുന്നു അവരുടെ വിശ്വാസം. അതിനായി തങ്ങളുടെ ജീവിതത്തില്‍ വരുന്ന പ്രശ്‌നങ്ങളില്‍ യഹോവയുടെ വിധി എന്ത്‌ എന്ന്‌ അവര്‍ അറിയാന്‍ ശ്രമിച്ചിരുന്നു. അങ്ങനെ`ദൈവഹിതം അഥവാ `യഹോവയുടെ ഇഷ്ടം ജനങ്ങളിലേക്ക്‌ അറിയുന്നതിനുള്ള ഒരു മധ്യവര്‍ത്തിയായിട്ടാണ്‌ അവര്‍ അവരുടെ പണ്ഡിതപുരോഹിതന്മാരെ കണ്ടിരുന്നത്‌. അവരുടെ കല്‍പ്പനകള്‍ ദൈവകല്‍പ്പനകള്‍ ആയിട്ടാണ്‌ അവര്‍ മാനിച്ചിരുന്നത്‌. അല്ലാതെ, ദൈവം ഒരു വശത്തും പണ്ഡിതര്‍ അതിനെതിരായി മറുവശത്തും നിലകൊള്ളുകയും അതില്‍ ഞങ്ങള്‍ പണ്ഡിതരുടെ കൂടെയാണ്‌ ദൈവത്തിന്റെ കൂടെയല്ല എന്ന നിലക്കല്ല ജൂതക്രൈസ്‌തവരുടെ പൌരോഹിത്യ വിധേയത്വം ഉണ്ടായത്‌,. യഥാര്‍ത്ഥത്തില്‍ വേദഗ്രന്ഥത്തിലൂടെ ദൈവം നിഷിദ്ധമാക്കിയ ഒരു കാര്യം ഇപ്പോള്‍ മുതല്‍ അനുവദനീയമാണ്‌ എന്ന്‌ പൌരോഹിത്യം കല്‍പ്പിക്കുമ്പോള്‍ അത്‌ അനുസരിക്കാന്‍ ജൂതക്രൈസ്‌തവര്‍ തയ്യാറായത്‌
`ദൈവം പ്രസ്‌തുത കര്‍മ്മം ഞങ്ങളുടെ മേല്‍ അനുവദനീയമാക്കിയിരിക്കുന്നു. അത്‌ ദൈവം പണ്ഡിതരിലൂടെ ഞങ്ങളെ അറിയിച്ചിരിക്കുകയാണിപ്പോള്‍ എന്ന ധാരണയിലാണ്‌ '

ചുരുക്കത്തില്‍ ഞങ്ങള്‍ ദൈവത്തെയല്ല പണ്ഡിത പുരോഹിതമാരെയാണ്‌ അനുസരിക്കുക ദൈവം എന്തു കല്‍പ്പിച്ചാലും എന്ന നിഷേധ മനോഭാവത്തോടെയല്ല; മറിച്ച്‌ പണ്ഡിതപുരോഹിതരിലൂടെ ദൈവഹിതമറിഞ്ഞ്‌ അതിനനുസരിച്ച്‌ ജീവിക്കുകയാണ്‌ വേദക്കാര്‍ ചെയ്‌തത്‌. ,. അവര്‍ ചെയ്‌ത പ്രവൃത്തി ശരിയോ തെറ്റോ എന്നതല്ല ഇവിടെ ചര്‍ച്ച. ഇപ്രകാരം ദൈവത്തിന്റെ പേരില്‍ കല്‍പ്പിക്കാനും ദൈവത്തിന്റെ പേരില്‍ വിലക്കാനും പണ്ഡിത പുരോഹിതര്‍ക്ക്‌ അധികാരമുണ്ട്‌ എന്ന വിശ്വാസമാണ്‌ ദൈവത്തില്‍ അവരെ പങ്കുചേര്‍ക്കുന്ന ശിര്‍ക്കായി മാറിയത്‌.

വലിയ കെട്ടിക്കുടുക്കുകളില്ലാതെ മനസ്സിലാക്കാവുന്നതേയുള്ളു ഈ വിഷയം.

26
Related Links

അന്‍ആം 6:121 , തൌബ 7:36 വിശദീകരണങ്ങള്‍

27
Links
  1. ബഹുദൈവാരാധകര്‍ അല്ലാഹുവിനെ അനുസരിക്കണം എന്ന് വിശ്വസിക്കാത്തവ‍രായിരുന്നുവോ??
  2. ഇബാദത്തും അനുസരണവും തമ്മിലുള്ള വ്യത്യാസം സംബന്ധിച്ച്‌ ശൈഖ്‌ ഇബ്നു ബാസ്‌, ശൈഖ്‌ അബുല്‍ അഅ്ല‍ാ മൗദൂദിക്ക്‌ നല്‍കിയ മറുപടി
  3. ജീവിതം മുഴുവന്‍ ഇബാദത്ത് - ശബാബ് ചോദ്യോത്തരം
  4. പ്രവാചകരും അവരുടെ പ്രബോധിതരും തമ്മിലെ തർക്കം,!! ഫറോവയും നമ്രൂദ്ദും ചില ചരിത്ര വസ്തുതകൾ
  5. സലഫിസവും അനുസരണശിര്‍ക്കും.


28
VIDEOS
2011 ഡിസംബർ 27 ചൊവ്വാഴ്ച മുക്കം സ്റ്റാർ ഓഡിറ്റോറിയത്തിൽ വെച്ച്, കേരള നദ്‌വത്തുൽ മുജാഹിദീൻ കക്കാട് ശാഖയും ജമാ‌അ‌ത്തെ ഇസ്‌ലാമി ഹൽഖയും തമ്മിൽ നടന്ന വൈജ്ഞാനിക ചർച്ച.

വിഷയം: ഇബാദത്ത്: അർഥവും വ്യാപ്തിയും
Part 1 of 4 http://youtu.be/ueV2-UK6tm0
Part 2 of 4 http://youtu.be/zBYwpcHw790
Part 3 of 4 http://youtu.be/mKgoXg6NNeE
Part 4 of 4 http://youtu.be/3qzJbDyG6Q0

Uploaded by peringoden on Feb 14, 2012
പങ്കെടുക്കുന്നവർ:
മുജാഹിദ് പക്ഷം:
1. കെ എ അബ്ദുൽ ഹസീബ് മദനി
2. കെ പി സകരിയ
3. അബ്ദുല്ലത്വീഫ് കരിമ്പുലാക്കൽ
4. എൻ വി സകരിയ
ജമാ‌അത്ത് പക്ഷം:
1. ഇ എൻ ഇബ്‌റാഹിം മൌലവി
2. അബ്ദുല്ലാഹ് ദാരിമി
3. ഇ എൻ അബ്ദുറസാഖ്
4. മുഹമ്മദ് മാളിയേക്കൽ
അധ്യക്ഷൻ: കാക്കിരി അബ്ദുല്ല മാസ്റ്റർ

29


30











No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.